കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം ബലാത്സംഗങ്ങളും കൊലപാതകങ്ങളും വർധിക്കുന്നതായി ദേശീയ പട്ടികജാതി കമ്മീഷൻ മേധാവി വിജയ് സാംപ്ല. മെയ് രണ്ടിന് ശേഷം സംസ്ഥാനത്ത് നടന്ന സംഭവങ്ങൾ ആശങ്കാജനകമാണെന്നും 1947 ന് ശേഷം ആദ്യമായാണ് ഇങ്ങനെ ഒരുപാട് അക്രമ സംഭവങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് പട്ടികവിഭാഗത്തിൽ ഉള്ളവരെയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നേരെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും ഉൾപ്പെടെ 1,627 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. എന്നാൽ പുതിയതായി 672 പുതിയ കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തതായി അദ്ദേഹം വ്യക്തമാക്കി. സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ അന്വേഷണം നടത്തണമെന്ന് എ.ഡി.ജി.പിയോട് പറഞ്ഞതായും ഗ്രാമവാസികളുടെ പുനരധിവാസം സംസ്ഥാനം വഹിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. അതേ സമയം നന്ദിഗ്രാം സന്ദർശിച്ചപ്പോൾ പട്ടികവിഭാഗത്തിൽ ഉള്ളവരാണ് കുറ്റക്കാരെന്നാണ് പൊലീസ് പറഞ്ഞതെന്നും എന്നാൽ അന്വേഷിച്ചപ്പോൾ അത് തെറ്റായ വിവരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി നൽകാൻ പൊലീസ് സ്‌റ്റേഷനിൽ എത്തുന്നവർക്ക് നേരെയും അവരുടെ വീടിന് നേരെയും ആക്രമണം നടത്തിയിരുന്നതായും വിജയ് സാംപ്ല ആരോപിച്ചു.
അതേ സമയം തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണത്തിൽ ഒൻപത് പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപി ആരോപിച്ചെങ്കിലും തൃണമൂൽ കോൺഗ്രസ് അത് നിഷേധിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം മെയ് ഏഴിന് പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ പ്രദേശം സന്ദർശിച്ചിരുന്നു. കൂടാതെ സംസ്ഥാനത്ത് നടന്ന ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്, രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനോട് ആവശ്യപ്പെടുകയും ചെയ്‌തു.