ന്യൂഡല്‍ഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രിയും എഎപി നേതാവുമായ സത്യേന്ദര്‍ ജെയിന്‍, ജയിലില്‍ ആഢംബര ജീവിതം നയിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നതിന് പിന്നാലെ മറ്റൊരു വീഡിയോയും കൂടി പുറത്ത് വിട്ട് ബിജെപി. സന്ദര്‍ശന സമയം അവസാനിച്ചിട്ടും തിഹാര്‍ ജയില്‍ സൂപ്രണ്ട് ജെയിനെ സന്ദര്‍ശിക്കുന്ന വീഡിയോയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്. ആരോഗ്യമന്ത്രിയ്‌ക്ക് ജയിലില്‍ മസാജ് ചെയ്‌തു നല്‍കുന്ന വീഡിയോയും മന്ത്രി വിഭവ സമൃദ്ധമായ ആഹാരം കഴിക്കുന്ന വീഡിയോയും ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു.
'രാത്രി എട്ട് മണിയ്‌ക്ക് തിഹാര്‍ ജയില്‍ സൂപ്രണ്ട് ജയില്‍ മന്ത്രിയുടെ കോടതിയില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ പോയി, ബഹുമാനപ്പെട്ട മന്ത്രി ജെയിന്‍റെ പുതിയ വീഡിയോ ഇതാ..' എന്ന തലക്കെട്ടില്‍ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഡല്‍ഹി ബിജെപി മീഡിയ സെല്‍ തലവന്‍ ഹരീഷ് ഖുറാന ട്വിറ്ററില്‍ എത്തിയത്. മന്ത്രിയ്‌ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നുവെന്നാരോപിച്ച് ഈ മാസത്തിന്‍റെ തുടക്കത്തില്‍ തന്നെ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. നിരന്തരമായി വീഡിയോ പുറത്ത് വരുന്നതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്‍റെ സിസിടിവി ദൃശ്യങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ജെയിന്‍ കോടതിയെ സമീപിച്ചിരുന്നു.
അജിത്ത് കുമാര്‍ എന്ന സൂപ്രണ്ടാണ് തിഹാര്‍ ജയിലിന്‍റെ ഏഴാം നമ്പര്‍ സെല്ലില്‍ കഴിയുന്ന മന്ത്രിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയമായത് എന്നാണ് റിപ്പോര്‍ട്ട്. ജയില്‍ സെല്ലില്‍ കഴിയുന്ന മന്ത്രിയ്‌ക്ക് മസാജ് ചെയ്‌തു നല്‍കുന്നത്, മന്ത്രി ഡോക്യുമെന്‍റുകള്‍ വായിക്കുന്നത്, സന്ദര്‍ശകരോട് സംസാരിക്കുന്നത്, കസേരയില്‍ ഇരുന്ന് സന്ദര്‍ശകര്‍ തലയില്‍ മസാജ് ചെയ്യുന്നത് തുടങ്ങിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കൂടാതെ വീഡിയോയില്‍ ജെയിന്‍റെ കട്ടിലിന് സമീപം റിമോട്ടും മിനറല്‍ വാട്ടറും കാണാം.
പീഡനക്കേസില്‍ പ്രതികളായവരാണ് മന്ത്രിയ്‌ക്ക് മസാജ് ചെയ്‌തു നല്‍കിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ജയില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി തടവ് ശിക്ഷ അനുഭവിക്കുന്ന മന്ത്രിക്ക് ആഢംബര സംവിധാനങ്ങളാണ് നല്‍കുന്നതെന്ന് ബിജെപി പറഞ്ഞു. അതേസമയം ഡിസംബര്‍ നാലിന് ഡല്‍ഹി നഗരസഭയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി എഎപിയേയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് എഎപി പ്രതികരിച്ചു.
ജെയിന് ഫിസിയോതെറാപ്പി ചികിത്സയ്‌ക്ക് വിധേയമാകുകയാണെന്ന് മസാജ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ എഎപി പറഞ്ഞു. ജെയിന് വിഐപി പരിഗണന നല്‍കുന്നുവെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി ചീഫ് സെക്രട്ടറിയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണ ഇടപാട് കേസില്‍ കഴിഞ്ഞ മേയ് 31നാണ് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്‌റ്റിലാകുന്നത്.