ജല്‍പായിഗുഡി (പശ്ചിമ ബംഗാള്‍): പശ്ചിമ ബംഗാളിലെ സൈനിക ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയവരെ കണ്ട് അവിടെയുണ്ടായിരുന്നവര്‍ ഞെട്ടി. എന്നാല്‍ അതിഥികള്‍ ആരെയും ബുദ്ധിമുട്ടിക്കാതെ കുറച്ച് കഴിഞ്ഞപ്പോള്‍ തിരികെ മടങ്ങി. ബിന്നഗുരി ആര്‍മി ക്യാമ്പ് ആശുപത്രിക്കകത്ത് പ്രവേശിച്ച മൂന്ന് കാട്ടാനകളുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ആശുപത്രിയുടെ ഇടനാഴിയിലൂടെ കാട്ടാനകള്‍ നടന്ന് നീങ്ങുന്നത് വീഡിയോയില്‍ കാണാം. ആശുപത്രിയിലുണ്ടായിരുന്ന ഒരാളാണ് മൊബൈലില്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പകർത്തിയത്. ഇടനാഴിയിലൂടെ ആദ്യം ഒരാന കടന്ന് വരുന്നതും പിന്നാലെ രണ്ട് ആനകള്‍ അനുഗമിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ആശുപത്രിയിലെ ക്യാന്‍റീനിന്‍റെ ജനാലയിലൂടെ അകത്തേക്ക് തുമ്പിക്കൈ നീട്ടി ആന ഭക്ഷണ സാധനങ്ങള്‍ പരതുന്നത് മറ്റൊരു വീഡിയോയില്‍ വ്യക്തമാണ്. ഭക്ഷണത്തിനായുള്ള ആനയുടെ പരിശ്രമത്തിനിടയില്‍ ക്യാന്‍റീനിലെ ജനാല ഏകദേശം തകർന്നിട്ടുണ്ട്. ഒടുവില്‍ അവിടെയുണ്ടായിരുന്ന ആട്ടപ്പൊടിയുടെ വലിയൊരു പാക്കറ്റ് എടുത്ത് ആന മടങ്ങുന്നു.
വനമേഖലയ്‌ക്ക് സമീപമുള്ള ബിന്നഗുരി ആര്‍മി ക്യാമ്പ് പരിസരങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാണ്. ഭക്ഷണം തേടിയാണ് പലപ്പോഴും ഇവ കാടിറങ്ങുന്നതെന്നും ഭക്ഷണം ലഭിച്ചാല്‍ തിരികെ വനത്തിനുള്ളിലേക്ക് മടങ്ങുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കാട്ടാനകളുടെ 'സന്ദര്‍ശന'ത്തെ കുറിച്ച് സൈന്യം ബിന്നഗുരി വൈല്‍ഡ്‌ലൈഫ് റേഞ്ച് ഉള്‍പ്പെടുന്ന ഗോരുമാര വൈല്‍ഡ്‌ലൈഫ് ഡിവിഷനെ അറിയിച്ചിട്ടുണ്ട്.