ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നാളെ (06.08.2022) നടക്കും. എൻഡിഎ സ്ഥാനാർഥിയായി ജഗ്‌ദീപ് ധൻഖറും പ്രതിപക്ഷ സ്ഥാനാർഥിയായി മാർഗരറ്റ് ആൽവയുമാണ് മത്സരിക്കുന്നത്. വിജയം ഉറപ്പാണെന്ന റിപ്പോർട്ടുകളാണ് എൻഡിഎ കേന്ദ്രങ്ങൾ നല്‍കുന്നത്. മാർഗരറ്റ് ആൽവയെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുമ്പോള്‍ കൂടിയാലോചിച്ചില്ല എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ പ്രതിപക്ഷത്തിന്‍റെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരുന്നു.
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മുന്‍ രാജസ്ഥാൻ ഗവർണറുമാണ് മാർഗരറ്റ് ആൽവ. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള രാജസ്ഥാനിലെ ജാട്ട് നേതാവും പശ്ചിമ ബംഗാൾ മുൻ ഗവർണറുമാണ് 71 കാരനായ ധൻഖർ. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിനു ശേഷം വോട്ടെണ്ണല്‍ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും.
നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾക്ക് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ യോഗ്യതയുണ്ട്. ഇരുസഭകളിലുമായി 788 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. രഹസ്യ ബാലറ്റ് സംവിധാനത്തിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.