ബെംഗളൂരു : മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വാഹനങ്ങള്‍ കയറി മരിച്ചു. ബെംഗളൂരുവില്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 1.30ഓടെയാണ് അതിദാരുണമായ സംഭവം പ്രദേശവാസികളുടെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെട്ടത്. കുഞ്ഞിനെ ആരോ പ്ലാസ്‌റ്റിക് കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന കുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ബൃഹദ് ബെംഗളൂരു മഹാനഗർ പാലികെയുടെ (ബിബിഎംപി) ലോറി മാലിന്യം ശേഖരിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുട്ടയിലെ മാലിന്യം ലോറിയിലേക്ക് ബന്ധപ്പെട്ടവര്‍ മാറ്റിയിരുന്നു. തുടര്‍ന്നുള്ള ലോറിയുടെ യാത്രയ്ക്കിടെ കുട്ടിയെ പൊതിഞ്ഞിരുന്ന പ്ലാസ്‌റ്റിക് കവർ അമൃതഹള്ളി പമ്പാ ലേഔട്ടിൽവച്ച് റോഡിലേക്ക് വീണു.
കുട്ടിയുണ്ടെന്നറിയാതെ, ലോറിയുടെ പുറകിലുണ്ടായിരുന്ന വാഹനങ്ങൾ കവറിന് മുകളിലൂടെ പാഞ്ഞുകയറി. ഇതാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. കുട്ടി തൽക്ഷണം മരിച്ചു. സംഭവം നേരിട്ട് കണ്ടവര്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അമൃതഹള്ളി പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി വാഹനങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങിയതിനാല്‍ കുഞ്ഞ് അരഞ്ഞുപോയ നിലയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനാൽ തന്നെ പ്രഥമ ദൃഷ്‌ട്യാ മരണപ്പെട്ടത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല.
ഹൃദയഭേദകമായ സംഭവം ആണ് ഇതെന്നും ഒരിക്കലും നടക്കാൻ പാടില്ലായിരുന്നു എന്നും കുട്ടിയുടെ ജനനം മറച്ചുവയ്ക്കാന്‍ ആരെങ്കിലും ചെയ്‌തതാവാമെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. 'സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കും. കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്' - ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട കുട്ടി ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെ വന്ന സംഭവം മഹാരാഷ്‌ട്രയില്‍ നിന്ന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018 ഡിസംബർ 30ന് ചാരിറ്റി സംഘടനയായ അശോക ഫൗണ്ടേഷന്‍റെ പ്രവർത്തകൻ ശിവാജി റാഗ്‌ഡെ, മഹാരാഷ്‌ട്ര - ഉല്ലാസ് നഗര്‍, വഡോൾഗാവിലെ അഴുക്ക് ചാലിൽ നിന്നും പ്ലാസ്‌റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒരു ആണ്‍കുഞ്ഞിനെ കണ്ടെടുത്തിരുന്നു.
മൂക്കിലേക്ക് മലിനജലം കയറിയും വീഴ്‌ചയിൽ തലയ്‌ക്കേറ്റ ഗുരുതര പരിക്കും ഈ കുഞ്ഞിന്‍റെ ആരോഗ്യ നില വഷളാക്കിയിരുന്നു. തുടര്‍ന്ന് ശിവാജി റാഗ്‌ഡെ കുട്ടിയെ ആശുപത്രിയിൽ ആക്കുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്‌തു. ടൈഗർ എന്ന് പേരിട്ട കുട്ടിയെ പിന്നീട് വിദേശ ദമ്പതികൾ ദത്തെടുക്കുകയായിരുന്നു. കോടതി നടപടികൾ പൂർത്തിയാക്കി പ്രസ്‌തുത ദമ്പതികള്‍ 2023 ഫെബ്രുവരി 17ന് കുഞ്ഞിനെ ഇറ്റലിയിലേക്ക് കൊണ്ടുപോയി.
ഫെബ്രുവരിയിൽ തന്നെയാണ് പെരുമ്പാവൂർ കുറ്റിപ്പാടത്ത് മാലിന്യക്കുഴിയിൽ വീണ് കുട്ടി മരിച്ചത്. പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്‌മിനിയാണ് മരിച്ചത്. മാലിന്യക്കുഴി ശരിയായ രീതിയിൽ മൂടാതിരുന്നതായിരുന്നു അപകടത്തിന് കാരണം. അതിഥി തൊഴിലാളിയായ ഹുനൂബ രാവിലെ ജോലിക്ക് എത്തിയതായിരുന്നു.
അമ്മ ജോലി ചെയ്യുന്ന സമയത്ത് കളിച്ചുകൊണ്ടിരിക്കെ നാലുവയസ്സുകാരി അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന്, കുഴി മൂടാതെ അപകടകരമായ രീതിയിൽ ഇട്ടതിന് നോവ പ്ലൈവുഡ് കമ്പനി അടച്ചിടാൻ വെങ്ങോല പഞ്ചായത്ത് നിർദേശം നൽകി.