ബോളിവുഡ് താരം വരുൺ ധവാനും തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവും രാഷ്‌ട്രപതി മുര്‍മുവുമായി കൂടിക്കാഴ്‌ച നടത്തി. വ്യാഴാഴ്‌ച സെർബിയയിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്‌ച.
രാഷ്‌ട്രപതിയുമായുള്ള ഈ പ്രത്യേക കൂടിക്കാഴ്‌ചയുടെ ചിത്രങ്ങള്‍ വരുണ്‍ ധവാന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 'ഇന്ത്യന്‍ സിറ്റഡൽ ടീമിന് സെർബിയയിൽ വച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപദ്രി മുർമുജിയെ കാണാനുള്ള അവസരം ലഭിച്ചു. മാം, താങ്കളെ കണ്ടതിൽ തികഞ്ഞ സന്തോഷവും ആദരവും ഉണ്ട്.' - ഇപ്രകാരമാണ് രാഷ്‌ട്രപതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വരുണ്‍ ധവാന്‍ കുറിച്ചത്.
വരുണിനും സാമന്തയ്ക്കും ഒപ്പം 'സിറ്റഡൽ' സംവിധായകരായ രാജും ഡികെയും രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വരുണ്‍ ധവാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വരുണിന്‍റെ പോസ്‌റ്റ് സാമന്ത തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയാക്കിയിട്ടുണ്ട്. 'മാഡം പ്രസിഡന്‍റ് ' എന്ന അടിക്കുറിപ്പോടു കൂടിയാണ് സാമന്ത പോസ്‌റ്റ പങ്കുവച്ചത്.
സെര്‍ബിയയിലേയ്‌ക്കുള്ള ഇന്ത്യന്‍ രാഷ്‌ട്ര തലവന്‍റെ ആദ്യ സന്ദര്‍ശനത്തെ അടയാളപ്പെടുത്തുന്നതാണ് രാഷ്‌ട്രപതി മുര്‍മുവിന്‍റെ ഈ സെര്‍ബിയ സന്ദര്‍ശനം. സെര്‍ബിയന്‍ രാഷ്‌ട്രപതി അലക്‌സാണ്ടര്‍ വുസികുമായും രാഷ്‌ട്രപതി മുര്‍മു പ്രത്യേക കൂടിക്കാഴ്‌ച നടത്തി.
ഊഷ്‌മളമായ സ്വീകരണമാണ് ഇന്ത്യന്‍ രാഷ്‌ട്രപതിക്ക് സെര്‍ബിയന്‍ രാഷ്‌ട്രപതി ഒരുക്കിയത്. ബെൽഗ്രേഡിലെ നിക്കോള ടെസ്‌ല വിമാനത്താവളത്തില്‍ ഗാർഡ് ഓഫ് ഓണർ നൽകിയാണ് അലക്‌സാണ്ടര്‍ വുസിക് മുര്‍മുവിനെ വരവേറ്റത്.
വിമാനത്താവളത്തിൽ നിന്നും ഗാന്ധിജേവ സ്ട്രീറ്റിലെത്തിയ രാഷ്ട്രപതി അവിടെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. ബുധനാഴ്‌ച ബെൽഗ്രേഡിൽ, സെർബിയയിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് കോഹ്‌ലി സംഘടിപ്പിച്ച കമ്മ്യൂണിറ്റി സ്വീകരണ ചടങ്ങില്‍, രാഷ്‌ട്രപതി ഇന്ത്യയിലെ പ്രവാസികളുമായും സുഹൃത്തുക്കളുമായും സംവദിച്ചു.
ഇന്ത്യയും സെർബിയയും പുരാതന നാടുകളാണെന്ന് സദസിനെ അഭിസംബോധന ചെയ്‌ത് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയും സെർബിയയും പരസ്‌പരം എല്ലായിപ്പോഴും തങ്ങളുടെ പ്രധാന താത്‌പര്യങ്ങളെ കുറിച്ച് മനസിലാക്കുന്നുണ്ടെന്നും രാഷ്‌ട്രപതി മുർമു അഭിപ്രായപ്പെട്ടു.
സ്‌പൈ ത്രില്ലർ സീരീസ് 'സിറ്റഡലി'ന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വരുൺ ധവാനും സിക്കന്ദർ ഖേറും സെര്‍ബിയയില്‍ പരിശീലനം നടത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'സിറ്റഡലി'നായുള്ള തീവ്രമായ ആക്ഷൻ പരിശീലനത്തിലാണ് താരങ്ങള്‍ സെര്‍ബിയയില്‍ എത്തിയത്.
'സിറ്റഡല്‍ ഇന്ത്യന്‍ പതിപ്പിന് വലിയ ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ടാകും. സിറ്റഡല്‍ സീരീസിനായുള്ള ചിത്രീകരണം ജൂലൈ വരെ തുടരും. ഇതൊരു സ്‌പൈ ത്രില്ലര്‍ സീരീസ് ആയതിനാല്‍ ഫൈറ്റ് സീക്വൻസുകളിലും മറ്റും ഒരു പ്രത്യേക വേഗത ഉണ്ടായിരിക്കണം. അതിനുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്.' - സിറ്റഡല്‍ ടീമുമായി ബന്ധപ്പെട്ട ഒരു സ്രോതസ് വെളിപ്പെടുത്തിയിരുന്നു.
'സിറ്റഡലി'ല്‍ അഭിനയിക്കുന്നതിന്‍റെ ആവേശം മുമ്പൊരിക്കല്‍ സാമന്ത പങ്കുവച്ചിരുന്നു. 'ലോകം ഒട്ടാകെയുള്ള നിർമാണങ്ങൾ തമ്മിലുള്ള പരസ്‌പര ബന്ധിതമായ കഥാസന്ദർഭമാണ് സിറ്റഡൽ യൂണിവേഴ്‌സ്. ഏറ്റവും പ്രധാനമായി, ഇന്ത്യൻ ഇൻസ്‌റ്റോള്‍മെന്‍റിന്‍റെ സ്‌ക്രിപ്റ്റ് എന്നെ ശരിക്കും ഉത്തേജിപ്പിച്ചു. റുസ്സോ ബ്രദേഴ്‌സിന്‍റെ എജിബിഒ വിഭാവനം ചെയ്‌ത ഈ ബ്രില്യന്‍റ് യൂണിവേഴ്‌സിന്‍റെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞതിൽ ഞാൻ ത്രില്ലിലാണ്. ഈ സീരീസിലൂടെ ആദ്യമായി വരുണിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് ഞാന്‍' - ഇപ്രകാരമാണ് സാമന്ത പറഞ്ഞത്.
Also Read: സിറ്റഡൽ: സെർബിയയിൽ തീവ്ര ആക്ഷൻ പരിശീലനത്തില്‍ വരുണ്‍ ധവാനും സിക്കന്ദര്‍ ഖേറും