മുംബൈ: പിഎംസി ബാങ്ക് അഴിമതി കേസില്‍ അന്വേഷണത്തിന്‍റെ ഭാഗമായി ശിവസേന നേതാവ് സഞ്ജയ് റൗത്തിന്‍റെ ഭാര്യ വർഷ റൗത്ത് ഇഡിക്കു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനായി വർഷക്ക് നാളെ വരെ ഇഡി സമയം അനുവദിച്ചിരുന്നു.
സഞ്ജയ് റൗത്തിന്‍റെ അനുയായിയായ പ്രവീൺ റൗത്തിന് പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്കിൽ നിന്ന് 95 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. അതിൽ 1.6 ലക്ഷം രൂപ പ്രവീൺ റൗത്ത് ഭാര്യ മാധുരി റൗത്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റി. കൂടാതെ മൊത്തം തുകയിൽ 55 ലക്ഷം രൂപ രണ്ട് ഘട്ടങ്ങളിലായി പലിശരഹിത വായ്പയായി വർഷ റൗത്തിന് നൽകുകയായിരുന്നു. 2010ൽ 50 ലക്ഷം രൂപ വർഷക്ക് നൽകിയതായും 2011ൽ അഞ്ച് ലക്ഷം രൂപ മാധുരിയുടെ അക്കൗണ്ടിൽ നിന്ന് നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദാദർ ഈസ്റ്റിലെ ഒരു ഫ്ലാറ്റ് വാങ്ങാൻ ഈ പണം ഉപയോഗിച്ചതായും ഇഡി പറയുന്നു. ഇക്കാര്യത്തിലാണ് വർഷ റൗത്തിനെ ഇഡി ചോദ്യം ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പിൻവലിക്കൽ പരിധി മറികടന്ന പിഎംസി ബാങ്കിന്‍റെ പ്രവർത്തനങ്ങൾ റിസർവ് ബാങ്ക് നിയന്ത്രിച്ചിരുന്നു. മൊത്തം 4,355 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ശേഷം ഇഡി എച്ച്ഡിഎല്ലിന്‍റെ ഉടമസ്ഥതയിലുള്ള 3,830 കോടി രൂപ പിടിച്ചെടുത്തിരുന്നു.