ചെന്നൈ: തമിഴ്‌നാട്ടിലെ വാണിയമ്പാടിയിൽ ദേശീയപാതയിൽ സർക്കാർ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം. ചെന്നൈ-ബംഗളൂരു ദേശീയ പാതയില്‍ ചെട്ടിയപ്പനൂരിൽ ശനിയാഴ്‌ച ( നവംബർ 11 ) പുലർച്ചെയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോയ സർക്കാർ ബസ് ( state express transport co orparation bus ) നിയന്ത്രണം വിട്ട് ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
സർക്കാർ ബസ് ഡ്രൈവർ ഉളുന്ദൂർപേട്ട സ്വദേശി ഏലുമല, സ്വകാര്യ ബസ് ഡ്രൈവർ കോലാർ സ്വദേശി മുഹമ്മദ് നദീം, സ്വകാര്യ ബസ് ക്ലീനർ വാണിയമ്പാടി സ്വദേശി മുഹമ്മദ് ബെയ്‌റോസ്, ചിറ്റൂർ സ്വദേശി അജിത്കുമാർ, ചെന്നൈ സ്വദേശി കൃതിക എന്ന വനിത യാത്രികയുമാണ് അപകടത്തിൽ മരിച്ചത്.
40തോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപവാസികൾ രക്ഷപ്പെടുത്തി വാണിയമ്പാടി സർക്കാർ ആശുപത്രിയിലെത്തിച്ചു. 5 പേരെ വിദഗ്‌ധ ചികിത്സയ്ക്കായി വെല്ലൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചതായാണ് ഡോക്ടർമാർ പറയുന്നത്. വാണിയമ്പാടി റൂറൽ പൊലീസ് സ്ഥലത്തെത്തി അപകട കാരണം അന്വേഷിച്ച് വരികയാണ്.
വാണിയമ്പാടി നിയമസഭ അംഗം സെന്തിൽ കുമാർ, തിരുപ്പത്തൂർ ജില്ല കളക്ടർ ബാസ്‌കര പാണ്ഡ്യൻ, ജില്ല പൊലീസ് സൂപ്രണ്ട് ആൽബർട്ട് എന്നിവർ അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു. അപകടത്തിൽ മരിച്ച കൃതിക കുട്ടികളുമായി ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു. കൃതികയുടെ കുട്ടികൾ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വാണിയമ്പാടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.