അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌ത് ദിവസങ്ങൾക്കിടെ കന്നുകാലിക്കൂട്ടത്തിൽ ഇടിച്ച് വന്ദേ ഭാരത് ട്രെയിനിന്‍റെ മുൻഭാഗം തകർന്നു. മുംബൈയിൽ നിന്ന് ഗാന്ധിനഗറിലേയ്ക്ക് പോകുകയായിരുന്ന സെമി-ഹൈസ്‌പീഡ് ട്രെയിനാണ് ഇന്ന് രാവിലെ (ഒക്‌ടോബർ 6) 11 മണിയോടെ അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ ആളപായമില്ല. അതേസമയം ഏതാനും കന്നുകാലികൾ ചത്തു.
അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ബത്വയ്ക്കും മണിനഗറിനും ഇടയില്‍ ട്രാക്കിലുണ്ടായിരുന്ന കന്നുകാലിക്കൂട്ടത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ട്രെയിനിന്‍റെ മുൻഭാഗം തകർന്നു. തുടർന്ന് ട്രാക്ക് പുനർക്രമീകരിച്ച ശേഷമാണ് ട്രെയിൻ വീണ്ടും യാത്ര തുടർന്നത്.
സെപ്‌റ്റംബർ 30നാണ് ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇതിനുശേഷം ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദിലെ കലുപൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്‌തിരുന്നു. ഫ്ലാഗ് ഓഫ് ചെയ്യപ്പെട്ട രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്.
52 സെക്കൻഡിൽ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്നവയാണ് വന്ദേ ഭാരത് ട്രെയിനുകള്‍. കൂട്ടിയിടി ഒഴിവാക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കവച് (KAVACH) സാങ്കേതിക വിദ്യയും വന്ദേ ഭാരത് ട്രെയിനുകളിലുണ്ട്.