ഹൈദരാബാദ്: തെലങ്കാനയിലെ മൂന്നാം ഘട്ട വാക്‌സിനേഷൻ വൈകുമെന്ന് ആരോഗ്യമന്ത്രി ഈതാല രാജേന്ദർ. മെയ് ഒന്നു മുതൽ നടത്താനിരുന്ന വാക്‌സിനേഷനാണ് വാക്‌സിൻ ക്ഷാമം മൂലം വൈകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചത്.
തെലങ്കാനയിൽ 1.75 കോടി ജനങ്ങളുണ്ടെന്നും അവർക്ക് ആവശ്യമായ വാക്‌സിൻ എത്തിയാൽ മാത്രമേ വാക്‌സിനേഷൻ ആരംഭിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ വാക്‌സിൻ എത്തിയിരുന്നു എങ്കിൽ സംസ്ഥാനത്തെ 3.3 കോടി ജനങ്ങൾക്കായുള്ള വാക്‌സിനേഷൻ മൂന്നു മാസം കൊണ്ട് പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 45 ലക്ഷം ജനങ്ങൾ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ഓക്‌സിജനും കൊവിഡ് ചികിത്സയ്‌ക്ക് ആവശ്യമായ റെഡെസിവിർ മരുന്നും ഇപ്പോൾ കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാണ്. കൃത്യമായ അളവുകൾ പറയാതെ ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല സ്വന്തം പരാജയത്തിൽ കേന്ദ്രം തങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.