ലഖ്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജസ്ഥാന്‍ മുന്‍ ഗവര്‍ണറുമായിരുന്ന മുതിർന്ന ബി.ജെ.പി നേതാവ് കല്യാൺ സിങ് (89) അന്തരിച്ചു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ ചികിത്സയിലിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് രാത്രിയോടെ (ഓഗസ്റ്റ് 21 ശനി, 2021) മരണപ്പെടുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് നില ഗുരുതരമായി
ജൂലൈ നാല് മുതല്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ജൂലൈ 20ന് വൈകുന്നേരത്താടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. നിരീക്ഷണത്തിനായി അധികൃതര്‍ വിദഗ്‌ധ സംഘത്തെ നിയോഗിച്ചു. വെന്‍റിലേറ്ററിന്‍റെയും ഫേസ്‌മാസ്‌കിലൂടെയുള്ള ഓക്സിജന്‍റെയും സഹായത്തോടെയാണ് ഇതുവരെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില ഗുരുതരമായി.
ഡോ. ആർ.കെ ധിമാന്‍റെ നേതൃത്വത്തിൽ പത്തംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ സിങിന്‍റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ ആശുപത്രി സന്ദർശിച്ചു.
ആർഎസ്എസില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം
സാധാരണ ആർ.എസ്.എസ് പ്രവർത്തകൻ മുതൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്‍റെ ഉയർന്ന പദവികള്‍ അലങ്കരിക്കുന്നതു വരെ കല്യാൺ സിങ്ങിന്‍റെ ജീവിതം നിരന്തരമായ സമരം, സ്ഥിരോത്സാഹം, ദൃഡനിശ്ചയം എന്നിവയുടെ കൂടി കഥയാണ്.
1932 ജനുവരി അഞ്ചിന് ഉത്തർപ്രദേശിലെ അലിഗഡില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു. തേജ്‌പാല്‍ സിങ് ലോഥി, സീത എന്നിവരാണ് മാതാപിതാക്കള്‍. കുട്ടിക്കാലം മുതൽ ഹിന്ദുത്വ ആശയസംഹിത പിന്തുടര്‍ന്ന അദ്ദേഹം ആ കാലയളവില്‍ ആർ.എസ്.എസില്‍ ചേർന്നു. പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്ന് ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തില്‍ ചേര്‍ന്നു. 1977 ല്‍ ബി.ജെ.പി രൂപീകരിച്ചപ്പോള്‍ അംഗത്വമെടുത്തു.
വിജയം രുചിച്ച പതിറ്റാണ്ടുകള്‍ക്ക് ശേഷം പരാജയം
മുപ്പതാം വയസില്‍ അലിഗഡിലെ അട്രൗലി നിയോജകമണ്ഡലത്തിൽ നിന്ന് ജനസംഘത്തിന്‍റെ എം.എൽ.എ സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1967 ല്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചാണ് കന്നിവിജയം കുറിച്ചത്. 13 വർഷക്കാലം പരാജയത്തിന്‍റെ കയ്പ്പുനീരനുഭവിക്കാതെ അധികാര കസേരയില്‍. 1980 ല്‍ നിയമസഭ തെരഞ്ഞെടുപ്പിൽ മറിച്ചായിരുന്നു ജനവിധി. കോൺഗ്രസ് സ്ഥാനാർഥിയായ അൻവർ ഖാനോട് പരാജയപ്പെട്ടു.
ബാബരി മസ്‌ജിദിനെതിരെ ശക്തമായി നിലകൊണ്ടു
1985-ൽ വിജയിച്ച് പാര്‍ലമെന്‍ററി രംഗത്തേക്ക് തിരുച്ചുവന്ന അദ്ദേഹം 2004 വരെ അടുത്ത 19 വർഷത്തേക്ക് അട്രൗലിയുടെ ജനപ്രതിനിധിയായി തുടര്‍ന്നു. ബാബറി മസ്‌ജിദിനെതിരായ വികാരം വളര്‍ന്നുതുടങ്ങിയ ഘട്ടത്തില്‍ കടുത്ത ഹിന്ദുത്വ വക്താവായി കല്യാണ്‍ സിങ് മാറുകയും രാമക്ഷേത്രത്തിനായി വാദിക്കുകയും ചെയ്തു.
ബാബരിയുടെ തകര്‍ച്ച, സിങിന്‍റെ തളർച്ച
1991 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 221 സീറ്റുകളിൽ ബി.ജെ.പി മുന്നേറ്റം കുറിച്ചപ്പോള്‍ അത് സിങിന്‍റെ കൂടി വിജയമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു. തുടര്‍ന്ന്, അദ്ദേഹത്തിന്‍റെ കഴിവിനെക്കുറിച്ച് പൂർണമായി ബോധ്യപ്പെട്ട ബി.ജെ.പി കല്യാണ്‍ സിങിനെ മുഖ്യമന്ത്രിയാക്കി. അധികാരത്തിലിരിക്കെ, തൊട്ടടുത്ത വര്‍ഷം ബാബരി മസ്‌ജിദ് സംഘപരിവാര്‍ സംഘടനകള്‍ പൊളിച്ചുമാറ്റിയതോടെ മുഖ്യമന്ത്രിയെന്ന നിലയില്‍ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു.
മുഖ്യമന്ത്രിയില്‍ നിന്ന് പ്രതിപക്ഷനേതാവിലേക്ക്
1993 ൽ അട്രൗലി, കസ്‌ഗഞ്ച് മണ്ഡലങ്ങളിലെ ജനങ്ങൾ അദ്ദേഹത്തെ നിയമസഭാംഗമായി തെരഞ്ഞെടുത്തു. ആ വര്‍ഷം ബി.ജെ.പിയുടെ വോട്ട് വിഹിതം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും കൂടുതല്‍ സീറ്റുകള്‍ നേടിയതിനാല്‍ മുലായം സിങ് യാദവിന്‍റെ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും സർക്കാരുണ്ടാക്കി. അതോടെ, സിങ് പ്രതിപക്ഷ നേതാവായി. കുപ്രസിദ്ധമായ 'ഗസ്റ്റ് ഹൗസ്' സംഭവത്തിനെ തുടര്‍ന്ന് സഖ്യസർക്കാർ നാല് വർഷത്തിന് ശേഷം പിരിച്ചുവിട്ടു.
പിന്തുണ പിൻവലിച്ച് ബി.എസ്.പി, നഷ്ടമായി മുഖ്യമന്ത്രി പദം
നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ, ബി.എസ്.പിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചു. ആദ്യ ആറുമാസം ബി.എസ്.പിയുടെ മായാവതി മുഖ്യമന്ത്രിയായി. എന്നാല്‍, നേരത്തേയുള്ള ധാരണപ്രകാരം ആറുമാസത്തിനു ശേഷം മുഖ്യമന്ത്രിയായി കല്യാണ്‍ സിങ് പദവിയിലെത്തേണ്ടതായിരുന്നു.
ചുമതല ഏറ്റെടുക്കേണ്ട അവസരത്തില്‍ ബി.എസ്.പി പിന്തുണ പിൻവലിച്ചു. ഇതോടെ സർക്കാരിന്‍റെ തകർച്ചയ്ക്കിടയാക്കി. ലോക് താന്ത്രിക് കോൺഗ്രസ് പാർട്ടി രൂപീകരിച്ച് 21 എം.എൽ.എമാരെ കൈവശമുള്ള മുൻ കോൺഗ്രസ് എം.എൽ.എ നരേഷ് അഗർവാളിനെ, സിങ് സ്വന്തം പാളയത്തിലെത്തിച്ചു. തുടര്‍ന്ന്, സര്‍ക്കാര്‍ രൂപീകരിച്ച സിങ് പ്രത്യുപകാരമായി അഗർവാളിനെ വൈദ്യുതി വകുപ്പ് മന്ത്രിയാക്കി.
വാജ്‌പേയുമായി സ്വരച്ചേര്‍ച്ച, പുറത്തേയ്ക്ക്...
1990 കളുടെ അവസാനത്തോടെ സിങ് ദേശീയ രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവായിക്കഴിഞ്ഞിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ സമുന്നദ്ധനായ നേതാവായ അടൽ ബിഹാരി വാജ്‌പേയിയുമായുള്ള ചേരിതിരിയലില്‍ 1999 ൽ പാർട്ടിയിൽ നിന്ന് പുറത്തുകടക്കാൻ കല്യാണ്‍ സിങ് നിർബന്ധിതനായി. അഞ്ച് വർഷത്തിന് ശേഷം അദ്ദേഹം വീണ്ടും സ്വന്തം പാർട്ടിയിലേക്ക് തിരിച്ചുവന്നു.
ബുലന്ദ്‌ഷഹറിൽ നിന്ന് എം.പി സ്ഥാനാർത്ഥിയായി. ആഭ്യന്തര കലഹത്തെത്തുടർന്ന് 2009 വീണ്ടും ബി.ജെ.പിയിൽ നിന്നും അദ്ദേഹത്തിന് പുറത്തുപോവേണ്ടിവന്നു. അതേവർഷം, തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഈതയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന്, സ്വന്തം പാർട്ടി ജാൻ ക്രാന്തി പാർട്ടി (രാഷ്ട്രവാദി) രൂപീകരിച്ചു.
ഒടുവില്‍ ബിജെപിയിലേക്ക്
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ നിതിൻ ഗഡ്കരിയുടെ ഇടപെടലിനെ തുടര്‍ന്ന് ജെ.കെ.പി(ബി) ഭാരതീയ ജനത പാര്‍ട്ടിയുമായി ലയിച്ചു. അതേവർഷം, ഓഗസ്റ്റ് 26 ന് രാജസ്ഥാൻ ഗവർണർ പദവി അദ്ദേഹത്തിന് നല്‍കി. 2015 ജനുവരിയിൽ ഹിമാചൽ പ്രദേശ് ഗവർണറായി അധിക ചുമതലയും നൽകി.
നിരവധി രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ക്കൊടുവില്‍ കല്യാണ്‍ സിങിന്‍റെ രാഷ്ട്രീയ ജീവിതം സംഭവബഹുലമായി മാറിയെങ്കിലും നിരവധി ഉന്നത പദവികളില്‍ വ്യക്തിമുദ്ര ചാര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്ട്രീയ ഇന്ത്യയുടെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിന്‍റെ ചരിത്രത്തില്‍ കല്യാണ്‍ സിങ് എന്ന നേതാവ് ജ്വലിച്ചുനില്‍ക്കും.
ALSO READ: കല്യാൺ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ