ഉത്തരകാശി (ഉത്തരാഖണ്ഡ്): ഉത്തരകാശിയിൽ നിർമാണത്തിലിരിക്കെ തകർന്ന സിൽക്യാര (Uttarkashi Silkyara tunnel collapse) തുരങ്കത്തിൽ കഴിഞ്ഞ 16 ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാൻ ഒന്നിലധികം പദ്ധതികൾ ആവിഷ്‌കരിച്ച് ദൗത്യ സംഘം. നിലവിൽ 19.2 മീറ്റർ വെർട്ടിക്കൽ ഡ്രില്ലിംഗ് പൂർത്തിയായതായി നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) മാനേജിങ് ഡയറക്‌ടർ മഹ്മൂദ് അഹ്മദ് അറിയിച്ചു. നാല് ദിവസത്തിനകം 86 മീറ്ററോളം തുരക്കണമെന്നും തടസ്സങ്ങളൊന്നുമില്ലാതെ കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മഹ്മൂദ് അഹ്മദ് പറഞ്ഞു.
സൈഡ്‌വേ ഡ്രില്ലിംഗ് എന്ന അടുത്ത പദ്ധതി കൂടി ഉടൻ ആരംഭിക്കും. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളും സുരക്ഷിതരാണ്. ഇവർക്ക് ഭക്ഷണവും മരുന്നും ഓക്‌സിജനും ലഭ്യമാക്കുന്നുണ്ടെന്നാണ് അധികൃതർ നല്‍കുന്ന വിവരം.
തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന അവശിഷ്‌ട്ടങ്ങൾ നീക്കം ചെയ്‌ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ ആഗർ മെഷീൻ സ്ഥാപിച്ചിരുന്നു. എന്നാൽ തുരങ്കത്തിന് സമാന്തരമായി ചെയ്‌ത ഡ്രില്ലിംഗിനിടെ മെഷീനുണ്ടായ സാങ്കേതിക തടസങ്ങളും തുരങ്കത്തിൽ രൂപപ്പെട്ട വിള്ളലും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായിരുന്നു. തുരങ്കത്തിൽ കുടുങ്ങിയ ആഗർ മെഷീൻ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതായി ഉത്തരാഖണ്ഡ് സർക്കാർ സെക്രട്ടറിയും രക്ഷാപ്രവർത്തനത്തിലെ നോഡൽ ഓഫീസറുമായ നീരജ് ഖൈർവാൾ പറഞ്ഞു.
ആഗർ മെഷീൻ നീക്കംചെയ്യാനുള്ള സമയക്രമം പറയാനാവില്ലെന്നും ജോലികൾ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെഷീൻ നീക്കം ചെയ്യുന്നതിനായി പ്ലാസ്‌മ കട്ടിംഗ് മെഷീനുകളും മറ്റ് മെഷീനുകളും കൊണ്ടുവന്നിട്ടുണ്ട്. ഇത് നീക്കം ചെയ്‌ത ശേഷമായിരിക്കും മാനുവൽ ഡ്രില്ലിംഗ് ആരംഭിക്കുക. ആർമിയുടെ എഞ്ചിനീയറിംഗ് റെജിമെന്‍റും രക്ഷാപ്രവർത്തനം എങ്ങനെ നടത്താമെന്നതിനെക്കുറിച്ച് പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗർ മെഷീനിൽ അവശേഷിക്കുന്ന 8.15 മീറ്ററോളം ഭാഗം നീക്കം ചെയ്യാനുണ്ട്. സമാന്തര ഡ്രില്ലിംഗ് വഴി 8 ഇഞ്ച് പൈപ്പ് ലൈൻ തുരന്ന് 70-80 മീറ്ററോളം നീളത്തിൽ എത്തിയപ്പോഴാണ് നിർത്തിവെച്ചത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്തെത്താൻ വെർട്ടിക്കൽ ഡ്രില്ലിംഗ് വഴി ഇനിയും 86 മീറ്റർ തുരക്കേണ്ടതുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലഫ്റ്റനന്‍റ് ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈൻ പറഞ്ഞു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെർട്ടിക്കൽ ഡ്രില്ലിംഗിനുള്ള മെഷീൻ ശനിയാഴ്‌ചയാണ് എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വെർട്ടിക്കൽ ഡ്രില്ലിംഗ് ആരംഭിച്ചു. 17 മീറ്റർ ഡ്രില്ലിംഗ് പൂർത്തിയായി. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്തെത്താൻ ഇനിയും 69 മീറ്റർ എത്തേണ്ടതുണ്ട്. ഭൂമിശാസ്ത്രപരമായ പഠനങ്ങൾ നടത്തി തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് വെർട്ടിക്കൽ ഡ്രില്ലിംഗ് ആരംഭിച്ചതെന്ന് സയ്യിദ് അത്താ ഹസ്നൈൻ പറഞ്ഞു.
Also read: തുരങ്ക ദുരന്തം: പ്രതീക്ഷയേകി വെർട്ടിക്കൽ ഡ്രില്ലിംഗ്; രക്ഷാപ്രവർത്തനത്തിൽ പുരോഗതി