ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തക്കാളിക്ക് തൊട്ടാല്‍പൊള്ളുന്ന വില. ഗംഗോത്രിധാമില്‍ കിലോയ്ക്ക് 250 രൂപയും ഉത്തരകാശിയിൽ 180 മുതൽ 200 രൂപയുമാണ് വില. ഈ സാഹചര്യത്തില്‍ തക്കാളി, ആളുകൾ വാങ്ങാൻ തയ്യാറാവാത്ത സാഹചര്യമാണുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു.
'ഉത്തരകാശിയില്‍, തക്കാളിയുടെ തൊട്ടാല്‍ പൊള്ളുന്ന വില കാരണം ജനങ്ങള്‍ പൊറുതിമുട്ടുന്ന സാഹചര്യമാണുള്ളത്. ഇക്കാരണത്താല്‍, ആളുകൾ അവ വാങ്ങാൻ പോലും തയ്യാറാവാത്ത സ്ഥിതിയാണുള്ളത്. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിൽ തക്കാളി കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയാണുള്ളത്.' - ഉത്തരാഖണ്ഡിലെ പച്ചക്കറി വിൽപ്പനക്കാരനായ രാകേഷ്, പ്രമുഖ ദേശീയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. മാർച്ച്, ഏപ്രിൽ മാസങ്ങളിലുണ്ടായ കൊടുംചൂടും വിളയിലുണ്ടായ കീടങ്ങളുടെ ആക്രമണം എന്നിവ ലഭ്യത കുറച്ചതാണ് ഉയർന്ന വിലയ്ക്ക് കാരണം. തക്കാളി കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ കനത്ത മഴയും ക്ഷാമത്തിലേക്ക് നയിച്ചു. തക്കാളി വിതരണ ശൃംഖലയെ തടസപ്പെടുത്തുന്ന സാഹചര്യത്തിലേക്കടക്കം അതിതീവ്ര മഴ എത്തിയതാണ് വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്.
തക്കാളി താരതമ്യേന കേടുകൂടാതെ, കുറഞ്ഞ ദിവസം മാത്രം നില്‍ക്കുന്ന സാഹചര്യമടക്കം വിലക്കയത്തിന്‍റെ തോത് വര്‍ധിപ്പിച്ചതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിൽ നിലവില്‍ തക്കാളി കിലോയ്ക്ക് 100 - 130 രൂപയ്ക്കാണ് വിൽക്കുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളെയും പോലെ കർണാടകയിലും സമാനമായ സ്ഥിതിയാണുള്ളത്. ബെംഗളൂരുവിൽ തക്കാളി വില കിലോഗ്രാമിന് 101 മുതൽ 121 രൂപ വരെയാണ്.
തക്കാളി വില 'പിടിച്ചുകെട്ടി' തമിഴ്‌നാട് സര്‍ക്കാര്‍: തമിഴ്‌നാട്ടില്‍ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സബ്‌സിഡി നിരക്കില്‍, കഴിഞ്ഞ ദിവസം തക്കാളി വിതരണം ആരംഭിച്ചു. 82 റേഷന്‍ കടകളിലാണ് വിതരണം തുടങ്ങിയത്. കിലോയ്‌ക്ക് 60 രൂപ നിരക്കിലാണ് തക്കാളി നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ തലസ്ഥാനമായ ചെന്നൈയിലാണ് വിതരണം ആരംഭിച്ചിട്ടുള്ളത്. തലസ്ഥാനത്തെ മൂന്നായി തിരിച്ചാണ് നടപടി.
സെൻട്രൽ ചെന്നൈയിൽ 32, വടക്കൻ ചെന്നൈയിൽ 25, ദക്ഷിണ ചെന്നൈയിൽ 25 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്ന റേഷന്‍ കടകളുടെ എണ്ണം. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. റേഷന്‍ കടകള്‍ക്ക് പുറമെ ഫാം ഗ്രീന്‍ സെന്‍ററുകള്‍ (കോഓപ്പറേറ്റീവ് സൊസൈറ്റി വിപണി) അടക്കം 111 കേന്ദ്രങ്ങളിലാണ് തക്കാളി സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് തക്കാളി വില ഉയരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും സഹകരണ മന്ത്രി പെരിയകറുപ്പന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വിറ്റുതീര്‍ന്നത് ഒരു മണിക്കൂറിനുള്ളില്‍; ജനങ്ങള്‍ ആശങ്കയില്‍: റേഷന്‍ കടകളില്‍ വില്‍പനയ്‌ക്കെത്തിച്ച തക്കാളി ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിറ്റ് തീര്‍ന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. 50 കിലോ മുതല്‍ 100 കിലോ തക്കാളി വരെയാണ് ഓരോ റേഷന്‍കടകളിലും വിതരണത്തിന് എത്തിച്ചിരുന്നത്. തക്കാളി വാങ്ങാന്‍ ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിന്‍റെ ആവശ്യമില്ല. ഒരാള്‍ക്ക് ഒരു കിലോ തക്കാളി എന്ന നിരക്കിലാണ് വില്‍പന നടത്തിയത്. വിലക്കയറ്റത്തില്‍ പ്രയാസപ്പെടുന്ന സമയത്ത്, റേഷന്‍ കടകളിലെ വില്‍പന ഏറെ ആശ്വാസകരമാണെന്നും എന്നാല്‍ കടകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.