ഡെറാഡൂൺ : ഇന്ത്യൻ വനിത ഹോക്കി താരം വന്ദന കടാരിയയ്ക്ക് 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. ടോക്കിയോ ഒളിമ്പിക്‌സിൽ വനിത ഹോക്കിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച താരമാണ് വന്ദന.
ഉത്തരാഖണ്ഡിന്‍റെ മകളായ വന്ദന കടാരിയയുടെ പ്രകടനത്തിൽ സംസ്ഥാനത്തിന് അഭിമാനമുണ്ടെന്നും ടോക്കിയോ ഒളിമ്പിക്‌സിൽ മികച്ച പ്രകടനമാണ് വന്ദന കാഴ്‌ചവച്ചതെന്നും മുഖ്യമന്ത്രി പുഷ്‌കർ സിങ് ദാമര്‍ അറിയിച്ചു.
സംസ്ഥാനത്ത് നൂതനവും ആകർഷവുമായ കായിക നയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ യുവജനങ്ങളുടെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും താരങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനും മുൻഗണന നൽകുന്നതാകും പുതിയ കായിക നയമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
READ MORE: ശരിക്കും ചക്‌ദേ ഇന്ത്യ, തോല്‍വിയിലും അഭിമാനത്തോടെ വനിത ഹോക്കി ടീം
ടോക്കിയോ ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ഇന്ത്യൻ വനിത ഹോക്കി ടീമിലെ സംസ്ഥാനത്ത് നിന്നുള്ള താരങ്ങൾക്ക് 50 ലക്ഷം രൂപ വീതം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചിരുന്നു. ജാർഖണ്ഡ് സർക്കാരും വനിത ഹോക്കി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
READ MORE: ഒളിമ്പിക് ഹോക്കിയിലെ തോല്‍വി; വന്ദന കതാരിയക്ക് നേരെ ജാതി അധിക്ഷേപം