ഡെറാഡൂൺ: മഹാ കുംഭമേളയ്ക്കിടെ നടന്ന കൊവിഡ് പരിശോധന അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സ്വകാര്യ ലാബുകൾക്കും മാക്‌സ് കോർപ്പറേറ്റ് ലിമിറ്റഡ് ഏജൻസിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് ഉത്തരാഖണ്ഡ് സർക്കാർ. മാക്‌സ് കോർപ്പറേറ്റ് ഏജൻസി, ലാൽചന്ദാനി ലാബ്‌സ്, നാഗർ കോട്‌വാലിയിലെ നാൽവ ലാബ് എന്നിവയ്‌ക്കെതിരെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് കോട്‌വാലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തത്.
മഹാ കുംഭമേളയ്ക്കിടെ വൻതോതിൽ കൊവിഡ് പരിശോധനയിൽ അഴിമതി നടന്നു എന്നാണ് പരാതി. കുഭമേളയിൽ പങ്കെടുക്കാത്തവരുടെ പേരിൽ പോലും ടെസ്റ്റ് റിപ്പോർട്ടുകൾ പുറത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ ഹരിദ്വാർ ജില്ല മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
Also Read: കൊവിഡ് മൂന്നാം തരംഗം; കുട്ടികളെ ബാധിക്കില്ലെന്ന് പഠനം
താൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് മുൻപ് നടന്ന സംഭവമാണെന്നും മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ അന്വേഷണത്തിന് ഉത്തരവിട്ടതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ കൊവിഡ് പരിശോധനകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഏതാനം ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് ഹെൽത്ത് സെക്രട്ടറി ലവ് അഗർവാൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.