ഡെറാഡൂൺ: മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ. ഈ സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.
കൊവിഡ് കേസുകൾ ഉയർന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർ ഉത്തരാഖണ്ഡ് സംസ്ഥാന അതിർത്തികൾ, റെയിൽവേ സ്റ്റേഷനുകൾ, ഡെറാഡൂൺ വിമാനത്താവളം എന്നിവിടങ്ങളിൽ എത്തുമ്പോൾ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഡെറാഡൂൺ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 10,584 പുതിയ കൊവിഡ് -19 കേസുകളും 78 മരണങ്ങളും രജിസ്റ്റർ ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,10,16,434 ൽ എത്തി. 1,47,306 സജീവ കേസുകളാണുള്ളത്. 1,07,12,665 പേർ രോഗമുക്തി നേടി. 78 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,56,463 ആയി.