കാൺപൂർ: മതപരിവർത്തന റാക്കറ്റുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പ് അറസ്‌റ്റ് ചെയ്യപ്പെട്ട രണ്ടുപേരെ ചോദ്യം ചെയ്‌തതിൽ നിന്നും ഇവരുടെ സംഘത്തിന് നേപ്പാളിലെ മതപരിവർത്തന റാക്കറ്റുമായി ബന്ധം ഉണ്ടെന്നതിന് തെളിവുകൾ ഉണ്ടെന്ന് ഉത്തർപ്രദേശ് പോലീസ്. സംസ്ഥാനമൊട്ടാകെ വ്യാപകമായ ഈ റാക്കറ്റിന്‍റെ വ്യാപ്‌തി പൊലിസ് അറസ്‌റ്റിലൂടെ പുറത്തുവരികയായിരുന്നു. കാൺപൂരിലെ ചകേരി പൊലിസ് സ്‌റ്റേഷൻ പരിധിയിലെ ശ്യാം നഗറിലെ ഫ്‌ളാറ്റിൽ വച്ച് ആളുകളെ ക്രിസ്‌ത്യൻ മതത്തിലേക്ക് മാറാൻ പ്രലോഭിപ്പിച്ചെന്നാരോപിച്ച് ലഭിച്ച പരാതിയിലാണ് പൊലിസ് നടപടി.
ക്രിസ്‌ത്യാനികളാക്കാൻ നേപ്പാളിൽ നിന്ന് പണം: ചോദ്യം ചെയ്യലിൽ, ആളുകളെ ക്രിസ്‌ത്യാനികളാക്കി മാറ്റാൻ നേപ്പാളിൽ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. നേപ്പാളിലെ ഇവരുടെ നേതാക്കൾ ഒരു വർഷത്തിനുള്ളിൽ നൂറോ അതിലധികമോ മതപരിവർത്തനം നടത്താനാണ് പ്രതികളെ ചുമതലപ്പെടുത്തിയതെന്ന് പൊലിസ് സംശയിക്കുന്നു. കാൺപൂരിൽ പ്രവർത്തിക്കുന്ന മതപരിവർത്തന റാക്കറ്റിനെ തകർക്കാൻ പ്രത്യേക പോലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ചക്കേരി പൊലിസ് സ്റ്റേഷൻ പരിസരം, സനിഗ്വാൻ, അഹിർവാൻ, ശ്യാം നഗർ, കൃഷ്‌ണ നഗർ ഏരിയ എന്നിവിടങ്ങളിൽ നിന്ന് നിരവധി പ്രതികളെ ഇതിനോടകം പൊലിസ് പിടികൂടി. മൂന്ന് മാസം മുമ്പ് ഒരാൾ ഇതേ കേസിൽ പൊലിസ് പിടിയിലായിരുന്നു. അന്ന് പിടികൂടിയ വ്യക്തിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം റാക്കറ്റിലേക്ക് എത്തുകയായിരുന്നു. നന്ദലാൽ എന്നയാളെയാണ് മൂന്ന് മാസം മുമ്പ് കൃഷ്‌ണ നഗറിൽ വെച്ച് കാൺപൂർ പൊലിസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയക്കുകയും ചെയ്‌തു.
പാസ്റ്ററായി മാറിയ നന്ദലാൽ മതപരിവർത്തന റാക്കറ്റിന്‍റെ ഭാഗമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 22 ലക്ഷം രൂപയുടെ ഇടപാട് നടത്തിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാസ്ബുക്ക് നന്ദലാലിൽ നിന്ന് പൊലിസ് വീണ്ടെടുത്തിരുന്നു. ഇത് കൂടാതെ നേപ്പാളിൽ നിന്ന് നന്ദലാലിന്‍റെ അക്കൗണ്ടിലേക്ക് ഗണ്യമായ തുക വന്നിട്ടുണ്ട്. നന്ദലാൽ ഇതുവരെ 210 പേരെ മതംമാറ്റിയതായി പൊലിസ് പറയുന്നു. തങ്ങളുടെ സംഘത്തിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന വ്യക്തികൾക്ക് കൊൽക്കത്തയിലെ മിഷനറിമാർ 45 ദിവസത്തെ പരിശീലനം നൽകുന്നുണ്ടെന്ന് കേസിലെ പ്രതികൾ പൊലിസിന് നിർണായക മൊഴി നൽകിയിട്ടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മതപരിവർത്തന റാക്കറ്റുകൾ ഇന്ത്യയിൽ സജീവമാണ്. ഉത്തർപ്രദേശിൽ ഇതിനോടകം നിരവധി കേസുകൾ മതപരിവർത്തനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്ത് മുമ്പ് മതപരിവർത്തന റാക്കറ്റുകളെ പോലീസ് പിടികൂടുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇത്തരം പ്രവർത്തികളെക്കുറിച്ച് അധികൃതരെ അറിയിക്കണമെന്നും ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നും പൊലിസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ നിന്ന് മതപരിവർത്തന റാക്കറ്റുകളുടെ വാർത്തകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. റോയാപ്പേട്ടിലെ എസ്‌എസ്‌ഐ മോഹനൻ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി പരാതികൾ ലഭിച്ചിരുന്നു. ഹോസ്റ്റൽ വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ഹോസ്റ്റൽ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.