ലഖ്‌നൗ: ഉത്തർപ്രദേശിൽ ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണൽ ഫലം ബിജെപിയ്‌ക്ക് അനുകൂലമായി തുടരുമ്പോഴും പ്രതീക്ഷ കൈവിടാതെ സമാജ്‌വാദി പാർട്ടി. പ്രാരംഭഘട്ടത്തിലെ ഫലസൂചനകൾ ആധികാരികമല്ലെന്നും അതിനാൽ വോട്ടെണ്ണൽ അവസാനിക്കുന്നത് വരെ തെരഞ്ഞെടുപ്പ് ഓഫീസുകളിൽ തന്നെ തുടരണമെന്നും പാർട്ടി പ്രവർത്തകരോട് നേതൃത്വം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 403 സീറ്റുകളിൽ ഭൂരിഭാഗത്തിലും ബിജെപി ലീഡ് തുടരുന്ന പ്രാരംഭ പ്രവണതകൾ കാവി പാർട്ടി വിജയിക്കുമെന്ന തെറ്റിദ്ധാരണ മാത്രമാണ് സൃഷ്‌ടിക്കുന്നതെന്ന് അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള എസ്‌പി അവകാശപ്പെട്ടു. ഈ പ്രവണതകൾ ആധികാരികമല്ല. ബിജെപി വിജയിക്കുമെന്ന തെറ്റായ ധാരണ നൽകി പ്രവർത്തകരുടെ മനോവീര്യം തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യം. അവസാന മണിക്കൂറുകളിൽ ഒരുപക്ഷെ ഫലങ്ങൾ മാറിമറിഞ്ഞേക്കാം. അന്തിമഫലം വരുന്നതുവരെ പാർട്ടി പ്രവർത്തകർ ഓഫീസുകളിൽ തന്നെ തുടരാൻ അഭ്യർഥിക്കുന്നുവെന്നും സമാജ്‌വാദി പാർട്ടിയുടെ മീഡിയ സെൽ ട്വിറ്ററിൽ കുറിച്ചു.
അതേസമയം ഭരണകക്ഷിയായ ബിജെപി ഉത്തർപ്രദേശിൽ അധികാരം നിലനിർത്തുെമന്ന സൂചനയാണ് ഈ മണിക്കൂറുകളിൽ നൽകുന്നത്. നിലവിൽ സംസ്ഥാനത്തെ 265 സീറ്റുകളിൽ ബിജെപി ലീഡ് തുടരുകയാണ്. എതിർകക്ഷിയായ സമാജ്‌വാദി 127 സീറ്റുകളിലും ലീഡ് നിലനിർത്തുന്നു.
403 നിയമസഭ സീറ്റുകളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ 202 സീറ്റുകളാണ് വേണ്ടത്. ഗോരഖ്പൂരിൽ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കർഹാലിൽ നിന്ന് എസ്‌പി നേതാവ് അഖിലേഷ് യാദവ്, ജസ്വന്ത് നഗറിൽ നിന്ന് ശിവപാൽ യാദവ്, സിരാത്തുവിൽ നിന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ ലീഡ് നേടിയ പ്രമുഖ സ്ഥാനാർഥികളാണ്.
READ MORE:യു.പിയില്‍ ചരിത്രം രചിച്ച് ബിജെപി; ചിത്രത്തിലില്ലാതെ കോണ്‍ഗ്രസും ബി.എസ്.പിയും