മൊറാദാബാദ്: ലൈംഗിക അതിക്രമത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. പ്രതികളുടെ നിരന്തരമായ ഉപദ്രവത്തെ തുടർന്ന് ഇന്നലെയാണ് (മാര്‍ച്ച് 19) കൗമാരക്കാരി ആത്മഹത്യ ചെയ്‌തത്. തന്നെ ഉപദ്രവിച്ച നാല് പ്രതികളുടെ പേരുവിവരങ്ങൾ അടക്കം പരാതി നല്‍കിയിട്ടും പൊലീസ് കാണിച്ച അനാസ്ഥയെക്കുറിച്ചും രണ്ട് പേജുള്ള ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി ചൂണ്ടിക്കാട്ടി.
നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് പലതവണ പരാതി നൽകിയിരുന്നെന്നും എന്നാല്‍ പ്രതികൾക്കെതിരെ പൊലീസ് ഒരു നടപടിയെടുത്തില്ലെന്നും കുറിപ്പിൽ പെണ്‍കുട്ടി വിശദമാക്കിയിട്ടുണ്ട്. കൗമാരക്കാരി ജീവനൊടുക്കിയ സംഭവത്തിൽ സബ് ഇൻസ്‌പെക്‌ടറെ സസ്പെൻഡ് ചെയ്‌തു. പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു എന്നാണ് പൊലീസിന്‍റെ ന്യായീകരണം.
'ഞാന്‍ ജീവിച്ചിരിപ്പില്ലെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടണം': പെണ്‍കുട്ടി സ്‌കൂളിൽ പോകുന്ന സമയം വികാശ്, പ്രമോദ്, ബബ്‌ലു, ഹരിഗ്യാൻ എന്നീ പ്രതികൾ ശല്യപ്പെടുത്തിയെന്ന് ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നു. പ്രതികൾ കാരണമാണ് താൻ സ്‌കൂളില്‍ പോവുന്നത് നിര്‍ത്തിയത്. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ തന്‍റെ കുടുംബത്തെ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.
കൈകൂപ്പി ഒരുപാട് പേരോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ അഭ്യർഥിച്ചെങ്കിലും പാവപ്പെട്ട കുടുംബത്തിലെ തനിക്ക് നീതി ലഭിച്ചില്ല. താൻ ജീവിച്ചിരിപ്പില്ലെങ്കില്‍ പോലും പ്രതികളെ ശിക്ഷിക്കണം. തനിക്ക് നീതി നൽകണമെന്നും കുട്ടി ജീവനൊടുക്കുന്നതിന് മുന്‍പ് എഴുതിയ കുറിപ്പില്‍ പൊലീസിനോട് അഭ്യർഥിച്ചു.
അയൽവാസിയായ യുവാവ് മറ്റ് മൂന്ന് പേരോടൊപ്പം ചേർന്ന് മകളെ ഏറെ നാളായി ശല്യം ചെയ്യാറുണ്ടെന്ന് കൗമാരക്കാരിയുടെ പിതാവ് പറയുന്നു. സ്‌കൂളിലേക്ക് പോകുന്ന സമയവും വീടിന് പുറത്ത് സ്ഥിതിചെയ്യുന്ന ശുചിമുറിയില്‍ പോയ സമയവും മകളോട് യുവാവ് അശ്ലീലം പറഞ്ഞു. കുളിക്കുന്നതിനിടെ പെൺകുട്ടിയുടെ ദൃശ്യം പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയ വഴി വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
പൊലീസ് സൂപ്രണ്ടിനടക്കം പരാതി നല്‍കി, എന്നിട്ടും..!: മാർച്ച് എട്ടിന് പെൺകുട്ടി തനിച്ചായിരുന്നപ്പോൾ പ്രതികള്‍ വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. വീട്ടുകാർ തക്ക സമയത്ത് സ്ഥലത്ത് എത്തിയതുകൊണ്ട് ഇവര്‍ ഓടി രക്ഷപ്പെട്ടു. ഇതേക്കുറിച്ച് കുടുംബം ഉടൻ തന്നെ കുന്ദര്‍ക്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടെ പ്രതി പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തുടർന്നു. ശേഷം വീട്ടുകാർ പൊലീസ് സൂപ്രണ്ടിനോട് പരാതിപ്പെട്ടു. എന്നിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ല.
ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി ആത്മഹത്യ ചെയ്‌തത് സംബന്ധിച്ച വിവരം മാർച്ച് 19ന് ലഭിച്ചതായി എസ്എസ്‌പി ഹേംരാജ് മീണ പറഞ്ഞു. ആത്മഹത്യ കുറിപ്പിൽ നാല് പ്രതികളുടെ പേരുണ്ടെന്നും അതിൽ ഒരാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821