ന്യൂഡല്‍ഹി: ചൈനയില്‍ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും നിതി ആയോഗ് അംഗം (ആരോഗ്യം) വികെ പോൾ. അതേസമയം, ആൾക്കൂട്ടത്തില്‍ നിർബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡിന് എതിരായ ജാഗ്രത എല്ലാവരും പാലിക്കണമെന്നും വികെ പോൾ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു വികെ പോൾ.
'കൊവിഡിന് എതിരായ ഇന്ത്യയുടെ വാക്‌സിനേഷൻ പ്രോഗ്രാം മികച്ചതായിരുന്നു. പ്രായമായവർ നിർബന്ധമായും പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണം. എല്ലാവരും വാക്‌സിൻ എടുക്കണം. അന്താരാഷ്ട്ര യാത്ര മാനദണ്ഡങ്ങളില്‍ അടക്കം മാറ്റം വരുത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. ആരും ആശങ്കപ്പെടേണ്ടതില്ല. കൊവിഡ് പൂർണമായും നമ്മെ വിട്ടുപോയിട്ടില്ല. ഏത് സാഹചര്യവും നേരിടാൻ നാം തയ്യാറാണ്'. വികെ പോൾ ട്വീറ്റ് ചെയ്‌തു. ഫാർമസ്യൂട്ടിക്കല്‍, ആരോഗ്യം, ബയോടെക്‌നോളജി, ആയുഷ്, ഐസിഎംആർ എന്നിവയുടെ സെക്രട്ടറിമാർ അടക്കമാണ് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി യോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
'കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്‌തു. കൊവിഡ് വൈറസിനെ ഇതുവരെയും തുടച്ച് നീക്കാനായിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തിപ്പെടുത്താനും ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ തയ്യാറാണെന്നും' അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. കഴിഞ്ഞ ആറാഴ്‌ചയായി പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഡിസംബർ 19ന് 5.9 ലക്ഷം കൊവിഡ് കേസുകളാണ് രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്‌തത്.
ഇന്ത്യയിലെ ജനസംഖ്യയുടെ 28 ശതമാനം ജനങ്ങള്‍ മാത്രമെ കൊവിഡ് വാക്‌സിന്‍ എടുത്തിട്ടുള്ളൂവെന്നും ഡോ.വി.കെ പോൾ യോഗത്തില്‍ പറഞ്ഞു. കൊവിഡ് വര്‍ധനവ് കണക്കിലെടുത്ത് ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ജപ്പാൻ, അമേരിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ കൊവിഡ് കേസുകളുടെ വര്‍ധന കണക്കിലെടുത്ത് കൊവിഡ് പോസിറ്റീവ് സാമ്പിളുകളുടെ മുഴുവന്‍ ജീനോം സീക്വൻസിങും വേഗത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുഴുവന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
ഇതിലൂടെ കൊവിഡ് വകഭേദങ്ങളെ വേഗത്തില്‍ തിരിച്ചറിയാനാകുമെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനാകുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.