പലാമു: ജാർഖണ്ഡിൽ ജവാൻ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സഹപ്രവർത്തകർ പലാമുവിലെ ജാപ് 8 കോർപ്‌സ് കോംപ്ലക്‌സിൽ സംഘർഷമുണ്ടാക്കി. ജാപ് 8 ലെ നിരവധി ഉദ്യോഗസ്ഥരെ ജവാന്മാർ മർദിച്ചതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയൻ 3 ലെ സൈനികനായിരുന്ന അനീഷ് വർമ പലാമുവിലെ ലെസ്ലിഗഞ്ചിവുള്ള ജാപ് 8 കോർപ്‌സ് കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്‌തത്.
2015 ലാണ് അനീഷ് വർമ ജാർഖണ്ഡിലെ ജാഗ്വാർസിൽ നിയമിതനായത്. ജാപ് 8 പരിശീലനത്തിലിരിക്കെ അനീഷ് വർമയെ മെസ് ഇൻ ചാർജായി നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 5.30 ന് സഹപ്രവർത്തകർ പരിശീലനത്തിനായി പോയ സമയത്ത് അനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ രോക്ഷാകുലരായ ജവാന്മാർ കെട്ടിടത്തിൽ ബഹളം ഉണ്ടാക്കി.
സേനാംഗങ്ങൾ ഒരു മേജറെയും ഹവൽദാറെയും ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെ മർദിച്ചിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് പലാമു എസ്‌പിയും ജാപ് 8 ഇൻചാർജ് കമാൻഡന്‍റ് ചന്ദൻ കുമാർ സിൻഹയും സ്ഥലത്തെത്തി. രോക്ഷാകുലരായ ജവാൻമാർ ഇൻചാർജ് കമാൻഡന്‍റിനെ വളയുകയും ഡിഎസ്‌പിക്കെതിരെ പരാതിപ്പെടുകയും ചെയ്‌തിട്ടുണ്ട്.
ജാർഖണ്ഡ് ജാഗ്വാർസിലേക്ക് നിയോഗിക്കപ്പെട്ട ജവാന്മാരുടെ എസ്‌പിസി പരിശീലനം ജനുവരി മുതൽ ജാപ് 8 ൽ നടന്നുവരികയാണ്. ഈ സമയത്ത് ജാപ് 8 ലെ ഡിഎസ്‌പിയ്‌ക്ക് നേരെ നിരവധി ആരോപണങ്ങളാണ് സൈനികർ ഉയർത്തിയിട്ടുള്ളത്. അതേസമയം അനീഷ് വർമ തന്നെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഡിഎസ്‌പിയും ആരോപിച്ചു. 2013ലാണ് അനീഷ് വർമ ഐആർബിയിൽ ചേർന്നത്. അനീഷ് വർമയുടെ മൃതദേഹം എംഎംസിഎച്ചിൽ സൂക്ഷിച്ചിരിക്കുകയാണ്.