അലിഗഡ് : ജീവിത പങ്കാളികള്‍ തമ്മിലുള്ള പിണക്കവും ഇണക്കവുമൊക്കെ സര്‍വസാധാരണമാണ്. ഇങ്ങനെയുണ്ടാവുന്ന പിണക്കം നിശ്ചിത സമയത്തിനുള്ളില്‍ ഒത്തുതീര്‍പ്പായി പഴയ വൈകാരിക ബന്ധത്തിലേക്ക് ആളുകള്‍ കടക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ മേക്കപ്പിനെ ചൊല്ലിയുള്ള ഭാര്യയുടേയും ഭര്‍ത്താവിന്‍റേയും അഭിപ്രായവ്യത്യാസം വിവാഹമോചന കേസിലാണ് കലാശിച്ചത്.
ബ്യൂട്ടി പാര്‍ലറില്‍ പോയി മേക്കപ്പ് ചെയ്യാന്‍ ഭര്‍ത്താവ് പണം നല്‍കുന്നില്ലെന്ന കാരണം ഉന്നയിച്ചാണ് ഏഴുവർഷത്തെ ദാമ്പത്യബന്ധം ഉപേക്ഷിക്കാനുള്ള യുവതിയുടെ തീരുമാനം. 2015ലാണ് യുവതി ഡൽഹി സ്വദേശിയും സ്വകാര്യ കമ്പനിയിൽ ജോലിക്കാരനുമായ അമിത്തുമായി വിവാഹിതയായത്. മൂന്ന് വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ഒരുമിച്ചായിരുന്നില്ല താമസം. മേക്കപ്പിനും മറ്റ് വീട്ടുചെലവിനും അമിത് പണം നൽകുന്നില്ലെന്ന് ആരോപിച്ചാണ് യുവതി അലിഗഡിലെ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇക്കാര്യമുന്നയിച്ച് ബന്ധം പിരിയണമെന്നുള്ള ഉറച്ച തീരുമാനത്തിലാണ് യുവതി. കൗൺസിലിങ്ങിനായി ഇരുവരെയും വിളിച്ചിരുന്നുവെന്നും പലതവണ ഒരുമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടുവെന്നും കോടതി കൗൺസിലർ പ്രദീപ് സരസ്വത് പറഞ്ഞു. ഇരുവരുടെയും കൗൺസിലിങ് ജനുവരി മാസത്തിൽ വീണ്ടും നടത്താനാണ് കോടതി തീരുമാനം.