ലഖ്‌നൗ : ഉത്തർപ്രദേശിലെ ശാമിലി ജില്ലയിൽ മദ്യലഹരിയിൽ മധ്യവയസ്കൻ ഭാര്യയെ കൊലപ്പെടുത്തി. മുർളി സിംഗ് എന്നയാൾ ഭാര്യയായ സുദേഷിനെയും മകൻ അജയിനെയും മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഊണിനൊപ്പം സലാഡ് വിളമ്പാത്തതിനാണ് ഇയാൾ സുദേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കോടാലി വച്ചാണ് ഇയാൾ രണ്ട് പേരെയും ആക്രമിച്ചത്. സംഭവത്തിൽ അജയ് (20) പരിക്കുകളോടെ രക്ഷപ്പെട്ടു.
Also Read: ഡോക്ടർക്കെതിരെ ആക്രമണം : നാല് പേര്‍ അറസ്റ്റിൽ
ഭാര്യയും മകനും ഉറങ്ങികിടക്കുമ്പോൾ ഇയാൾ കോടാലിവച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നിന്നും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും സിംഗ് അപ്പോളേക്കും അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അയൽവാസികൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുദേഷിന്‍റെ ജീവൻ രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവരുടെ മകൻ അജയ് അപകട നില തരണം ചെയ്തെന്നും ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒളിവിൽ പോയ സിംഗിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സുദേഷിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.