ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഉച്ചയ്ക്ക് മണി വരെ 36.33% പോളിങ് രേഖപ്പെടുത്തി. വ്യാഴാഴ്‌ച രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് വരെ തുടരും. ഗോരഖ്‌പൂര്‍, അംബേദ്‌കര്‍നഗര്‍, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, ഖുഷിനഗർ, മഹാരാജ്‌ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർഥനഗർ എന്നീ 10 ജില്ലകളിലെ 57 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.
ഗോരഖ്‌പൂരിലെ പ്രൈമറി സ്കൂൾ ഗോരഖ്‌നാഥ് കന്യാനഗർ ക്ഷേത്രത്തിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് രേഖപ്പെടുത്തി. യോഗി ഉൾപ്പടെ 676 സ്ഥാനാർഥികളാണ് ഇന്ന് ഉത്തർപ്രദേശിൽ ജനവിധി തേടുന്നത്. ഗോരഖ്‌പൂർ അർബൻ മണ്ഡലത്തിലാണ് യോഗി ജനവിധി തേടുന്നത്.
ബിഎസ്‌പിയുടെ ഖ്വാജ ഷംസുദ്ദീൻ, എസ്‌പിയുടെ സുഭാവതി ശുക്ല, കോൺഗ്രസിന്‍റെ ചേതന പാണ്ഡെ എന്നിവരാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അജയ് കുമാർ ലല്ലു, സ്വാമി പ്രസാദ് മൗര്യ, പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരി എന്നിവരും ഇന്ന് ജനവിധി തേടും.
1,14,63,113 പുരുഷന്മാരും 99,98,383 സ്ത്രീകളും 1,320 ട്രാൻസ്‌ജൻഡർമാരുമുൾപ്പടെ 2,14,62,816 വോട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. അവസാന ഘട്ടമായ ഏഴാം ഘട്ട വോട്ടെടുപ്പ് മാർച്ച് 7ന് നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.