ലഖ്നൗ: സംസ്ഥാനത്തെ എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും പ്രധാന റോഡുകളുമായി ബന്ധിപ്പിക്കാൻ നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി. ജനങ്ങൾക്ക് ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനുള്ള എളുപ്പത്തിനാണ് പുതിയ നിർദേശം.
സംസ്ഥാനത്തെ എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളും പ്രൈമറി ഹെൽത്ത് സെന്‍ററുകളും പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ആകെ 3,011 പ്രൈമറി ഹെൽത്ത് സെന്‍ററുകളും 855 കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളും ആണുള്ളത്. നഗര പ്രദേശത്ത് പ്രൈമറി ഹെൽത്ത് സെന്‍ററുകളുടെ എണ്ണം 592 ആണ്.
അറ്റകുറ്റപ്പണി പുരോഗമിക്കുന്നു
സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ മാത്രം ഒമ്പത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളും, 28 പ്രൈമറി ഹെൽത്ത് സെന്‍ററുകളും, 52 ഹെൽത്ത് പോസ്റ്റ് സെന്ററുകളുമാണുള്ളത്. നഗരത്തിൽ 8 പ്രൈമറി ഹെൽത്ത് സെന്‍ററുകൾ ഉണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെത്തുടർന്ന് എല്ലാ ജില്ലകളിലെയും സിഎച്ച്സികളിലേക്കും പിഎച്ച്സികളിലേക്കും പോകുന്ന റോഡുകളിൽ അറ്റകുറ്റപ്പണി നടന്നുവരികയാണ്.
തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗത്തിലാണ് നടക്കുന്നത്. നഗരവികസന വകുപ്പ്, മുനിസിപ്പൽ കോർപ്പറേഷനുകൾ, പൊതുമരാമത്ത് വകുപ്പുകൾ (പിഡബ്ല്യുഡി), ഗ്രാമപഞ്ചായത്തുകൾ, നഗര, ഗ്രാമീണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അറ്റകുറ്റപണിയുടെ ചുമതല നൽകി. മഴക്കാലം ആരംഭിച്ചതോടെ ആശുപത്രികളിൽ രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗികൾക്ക് ആശുപത്രിയിലെത്തുന്നതിൽ യാതൊരു പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ റോഡുകൾ നന്നാക്കുന്ന നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണി പൂർത്തീകരിച്ചാൽ ആംബുലൻസ് യാത്ര സുഗമമാകുമെന്നും അധികൃതർ പറഞ്ഞു.
റോഡ് വികസന പദ്ധതികൾ
യുപിയിൽ യോഗി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം റോഡ് വികസനത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചത്. പൂർവഞ്ചൽ എക്സ്പ്രസ് വേ പദ്ധതി, ഗോരഖ്പൂർ ലിങ്ക് എക്സ്പ്രസ് വേ പദ്ധതി, ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ പദ്ധതി, ഗംഗ എക്സ്പ്രസ് വേ പദ്ധതി എന്നിവ ഇവയിൽ ചിലത് മാത്രമാണ്.