ലഖ്‌നൗ: ഗ്രാമപ്രദേശങ്ങളിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ജില്ലാ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം പുറപ്പെടുവിച്ച് ഉത്തർപ്രദേശ് സർക്കാർ. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഫിസിഷ്യൻമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സാന്നിധ്യം ഉറപ്പാക്കാനും എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലും മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കാനും മെഡിക്കൽ, ഹെൽത്ത്, ഫാമിലി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബ്ലാക്ക് ഫംഗസ് കേസുകൾക്കായി നേത്രരോഗ വിഭാഗം, ഇ.ഐ.എൻ.ടി എന്നിവ രാവിലെ 10 മുതൽ 12 വരെ പ്രവർത്തിക്കണമെന്നും കൊവിഡ് കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ എന്നിവിടങ്ങളിലും ഡോക്ടർമാരെ ആവശ്യാനുസരണം വിന്യസിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
Also Read: കൊവിഡ് രണ്ടാം തരംഗം കൂടുതലായി ബാധിക്കുന്നത് ചെറുപ്പക്കാരെ...
അതേസമയം, കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യാൻ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഗ്രാമപ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിനായി കോമൺ സർവീസ് സെന്‍ററുകൾ രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇത്തരം 93,000 കേന്ദ്രങ്ങൾ 75 ജില്ലകളിലായി സംസ്ഥാനത്ത് ഇതിനകം പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,725 പുതിയ കൊവിഡ് കേസുകളും 13,590 രോഗമുക്തിയും 238 മരണങ്ങളും ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തു.