ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 1 മണി വരെ 35.51% പോളിങ് രേഖപ്പെടുത്തി. വ്യാഴാഴ്‌ച രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് വരെ തുടരും.
അസംഗഡ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, മിർസാപൂർ തുടങ്ങിയ ജില്ലകളിലുൾപ്പെടെയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഒമ്പത് ജില്ലകളിലെ 54 മണ്ഡലങ്ങളിലായി 613 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
തൊഴിൽ വിഷയത്തിലുൾപ്പെടെ യുവ വോട്ടർമാരെ ആകർഷിച്ച് ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ സമാജ്‌വാദി പാർട്ടി ശ്രമിക്കുമ്പോൾ സംസ്ഥാനത്ത് അധിപത്യം നിലനിർത്താനാണ് ബിജെപി ശ്രമം. വാരാണസിയിലെ 8 സീറ്റുകളിൽ 6 സീറ്റുകളും ബിജെപി ആധിപത്യത്തിലുള്ളവയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മോദി വാരാണസിയിൽ രണ്ട് ദിവസം താമസിക്കുകയും ആളുകളുമായി സംവദിക്കുകയും ചെയ്‌തിരുന്നു.
അസംഗഢ് വർഷങ്ങളായി അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിക്ക് സ്വാധീനമുള്ള ജില്ലയാണ്. 10 അസംബ്ലി മണ്ഡലങ്ങളാണ് അസംഗഢിലുള്ളത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന്‍റെ ഒരു മാസം നീണ്ടുനിന്ന പ്രചാരണം മാർച്ച് 5ന് വൈകിട്ട് അവസാനിച്ചിരുന്നു. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Also Read: സ്വര്‍ണവിലയില്‍ കുതിപ്പ്; ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത് 100രൂപ