ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹറില്‍ അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ അഞ്ച് വയസുകാരന് പുതുജീവന്‍. വയറിനകത്തെ 12 കിലോ വരുന്ന ട്യൂമറാണ് ശസ്‌ത്രക്രിയയിലൂടെ നീക്കിയത്. അലിഗഡിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാരാണ് അതിവിദഗ്‌ധമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഡോ. സഞ്ജയ് ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്‌ത്രക്രിയ നടത്തിയത്.
കുട്ടിയ്‌ക്ക് അമിതമായ വയറുവേദന ഉണ്ടായതിനെ തുടര്‍ന്നാണ് കുടുംബം ആശുപത്രിയിലെത്തിയത്. പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് വയറിനകത്ത് അപകടകരമായ രീതിയില്‍ ട്യൂമര്‍ ഉണ്ടെന്നും അത് ഉടന്‍ നീക്കം ചെയ്യണമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചത്. സിസ്‌റ്റിക് ടെറാറ്റോമ എന്നാണ് ഈ അസുഖം അറിയപ്പെടുന്നതെന്നും ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.
കുട്ടിയുടെ വയറിനകത്ത് നേരത്തേ തന്നെ ട്യൂമര്‍ ഉണ്ടായിരിക്കാം. ഇത് ക്രമേണ വളര്‍ന്ന് വലുതായതാകാമെന്നും ഡോക്‌ടര്‍ പറയുന്നു. നാല് മണിക്കൂര്‍ സമയമെടുത്താണ് ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്. വിജയകരമായ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്‌ടര്‍ ഭാര്‍ഗവ പറഞ്ഞു.
ഒരുപക്ഷേ ജനന സമയത്ത് തന്നെ ട്യൂമര്‍ ഉണ്ടായിരിക്കാമെന്നാണ് ഡോക്‌ടറുടെ വിലയിരുത്തല്‍. അതേസമയം തുടക്കംമുതലേ കുട്ടിയുടെ വയര്‍ വലുതായിരുന്നെന്ന് കുടുംബം പറയുന്നു. വയറുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ കുട്ടിക്ക് ചികിത്സ നല്‍കി. പക്ഷേ പൂര്‍ണമായി ഫലം ലഭിച്ചിരുന്നില്ല. മരുന്ന് നിര്‍ത്തുമ്പോള്‍ വേദന വീണ്ടും വന്നിരുന്നു. സങ്കീര്‍ണമായ ശസ്‌ത്രക്രിയ ഏറ്റെടുക്കാന്‍ പല ഡോക്‌ടര്‍മാര്‍ക്കും ഭയമായിരുന്നുവെന്നും കുടുംബം പറഞ്ഞു.
ചില ഡോക്‌ടര്‍മാര്‍ ചികിത്സ നല്‍കാതെ തിരിച്ച് അയച്ചിട്ടുണ്ട്. ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിന്‍റെ അപകടകരമായ ട്യൂമര്‍ നീക്കം ചെയ്‌ത അലിഗഡ് സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാരോട് നന്ദിയുണ്ടെന്നും കുടുംബം അറിയിച്ചു.
അത്‌ഭുതകരമായ ശസ്‌ത്രക്രിയകള്‍ നേരത്തെയും : ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്കാണിപ്പോള്‍ ലോകം സാക്ഷികളാകുന്നത്. അടുത്തിടെയായി അപകടകരമായ ശസ്‌ത്രക്രിയകളിലൂടെ നിരവധി പേരാണ് ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു വാര്‍ത്തയായിരുന്നു ഗര്‍ഭസ്ഥ ശിശുവിന്‍റെ മസ്‌തിഷ്‌കത്തിലെ ശസ്‌ത്രക്രിയ.
ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണ ശസ്‌ത്രക്രിയ അമേരിക്കയില്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിലുണ്ടായ വീനസ് ഓഫ് ഗാലന്‍ മാല്‍ഫോര്‍മേഷന്‍ എന്ന വളര്‍ച്ചയാണ് ശസ്‌ത്രക്രിയയിലൂടെ നീക്കിയത്. ശിശുവിന്‍റെ തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന കുഴലിലൂടെ ശരിയായ രീതിയില്‍ പ്രവാഹം നടക്കാതിരിക്കുകയും തുടര്‍ന്ന് ശ്വാസ തടസം ഉണ്ടാവുകയും ചെയ്യുന്ന രോഗമാണിത്.
ഇത്തരത്തില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍ ജീവിതത്തിലുടനീളം ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. മാത്രമല്ല ജനിച്ചയുടന്‍ അമിത രക്തസമ്മര്‍ദ്ദം ഉണ്ടായി കുഞ്ഞിന്‍റെ ജീവന്‍ തന്നെ അപകടാവസ്ഥയിലാകുന്ന സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ട്. ഗര്‍ഭിണിയില്‍ നടത്തിയ സ്‌കാനിങ്ങിലാണ് കുഞ്ഞിന് ഇത്തരത്തിലുള്ള അസുഖം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
also read: കൊവിഡ് പോസിറ്റീവ് ദാതാക്കളിൽ നിന്ന് ഹൃദയം സ്വീകരിക്കുന്നത് മരണ സാധ്യത വർധിപ്പിക്കുന്നു: പഠനം പുറത്ത്
സാധാരണ ജനന ശേഷമാണ് കുഞ്ഞുങ്ങളിലെ ഇത്തരം രോഗങ്ങള്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ഡോക്‌ടര്‍മാര്‍ അത് നീക്കം ചെയ്യാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. ഈ ശസ്‌ത്രക്രിയാരീതി ആരോഗ്യ രംഗത്തിന് ഭാവിയിലേക്ക് മുതല്‍ക്കൂട്ടാണ്.