ഔരയ്യ : ഉത്തര്‍പ്രദേശില്‍ ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയെ രാത്രിയിലടക്കം 18 മണിക്കൂര്‍ സ്‌കൂളിലെ ശൗചാലയത്തില്‍ പൂട്ടിയിട്ട സംഭവത്തില്‍ അധ്യാപകന്‍ വിജയ് കുശ്‌വാഹ പിടിയില്‍. കുറ്റാരോപിതനായ അധ്യാപകനെ ഞായറാഴ്‌ചയാണ് (ഓഗസ്റ്റ് 14) അറസ്റ്റുചെയ്‌തത്. ഔറയ്യ ജില്ലയിലെ ബിധുന തഹസിൽ പ്രദേശത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് ബാലന്‍ ക്രൂരതയ്‌ക്ക് ഇരയായത്.
കുട്ടിയുടെ ദുരനുഭവം വിവരിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തായത്. ഓഗസ്റ്റ് അഞ്ചിനാണ് സംഭവമെന്ന് ഈ ദൃശ്യത്തില്‍ കുടുംബം പറയുന്നു. പിപ്രൗലി ശിവ് ഗ്രാമത്തിലെ 11 കാരന്‍ നേരം വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം തെരച്ചില്‍ നടത്തുകയുണ്ടായി. എന്നാല്‍ രാത്രിയിലും കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. പിറ്റേ ദിവസം, മറ്റൊരു അധ്യാപകന്‍ ശൗചാലയത്തിന്‍റെ വാതിൽ തുറന്നപ്പോൾ ബാലനെ കണ്ടെത്തുകയായിരുന്നു.
'കുട്ടിയുടെ നിലവിളി ആരും കേട്ടില്ല' : സ്‌കൂളില്‍ നിന്നും പോകാനൊരുങ്ങിയ സമയം വിജയ് കുശ്‌വാഹ തടയുകയും ഉച്ചയ്ക്ക് രണ്ട് മണിയോടെ ശുചിമുറിയില്‍ അടക്കുകയുമായിരുന്നു. തുടര്‍ന്ന്, പുറത്തുനിന്ന് പൂട്ടുകയുമുണ്ടായി. രാത്രി മുഴുവൻ താൻ സഹായത്തിനായി നിലവിളിച്ചെന്നും കുട്ടി, പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു. സ്‌കൂളിന് സമീപം വീടുകൾ ഇല്ലാത്തതുകൊണ്ട് മകന്‍റെ നിലവിളി ആരും കേട്ടില്ല. 18 മണിക്കൂറോളം ശുചിമുറിയിൽ പൂട്ടിയിടുകയുണ്ടായെന്നും കുട്ടിയുടെ പിതാവ് പറയുന്നു.
എന്നാൽ, വിദ്യാർഥി ശൗചാലയം ഉപയോഗിക്കുന്ന വിവരം അറിയാതെ അബദ്ധത്തിൽ പൂട്ടിയിടുകയായിരുന്നുവെന്ന അധ്യാപകന് അനുകൂലമായി ആളുകള്‍ പറയുന്നുണ്ട്. കുട്ടിക്ക് പണം നൽകി സ്വാധീനിക്കാന്‍ പ്രതി ശ്രമിച്ചതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. "ബാലന്‍റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തിട്ടുണ്ട്. അധ്യാപകനെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പ്രതിയായ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിട്ടുണ്ട്''. സർക്കിൾ ഇന്‍സ്‌പെക്‌ടര്‍ മഹേന്ദ്ര പ്രതാപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു,