ലഖ്‌നൗ : മഹാത്മാ ഗാന്ധി ജീവനോടെയുണ്ടായിരുന്നെങ്കില്‍ വാരണാസിയുടെ സൗന്ദര്യം കണ്ട് സന്തോഷിക്കുമായിരുന്നെന്ന് അവകാശവാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാശി വിശ്വനാഥ് ഇടനാഴി പദ്ധതിക്ക് കീഴിൽ വാരണാസി നഗരത്തിനുണ്ടായ നവീകരണം ഉയർത്തിക്കാട്ടുകയായിരുന്നു യോഗി ആദിത്യനാഥ്.
1916ൽ ഗാന്ധി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി പോയപ്പോൾ വൃത്തിഹീനമായ ക്ഷേത്ര പരിസരവും ഇടുങ്ങിയ വഴികളും കണ്ട് നിശിതമായി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി മോദി വാരണാസിയുടെ മുഖം തന്നെ മാറ്റിമറിച്ചുവെന്നും അദ്ദേഹം ജീവനോടെയുണ്ടായിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നുവെന്നും യോഗി അവകാശപ്പെട്ടു.
Also Read: കാർഷിക നിയമങ്ങളുടെ നേട്ടങ്ങൾ ഇനിയും കർഷകരോട് വിശദീകരിക്കുമെന്ന് കേന്ദ്രമന്ത്രി
1980ൽ രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചപ്പോൾ ഒരുനാൾ ക്ഷേത്രം യാഥാർഥ്യമാകുമെന്ന് വിശ്വസിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടായിരുന്നു. റദ്ദാക്കിയ ആർട്ടിക്കിള്‍ 370 ബി.ആർ അംബേദ്‌ക്കറിന്‍റെയും അന്നത്തെ ജനസംഘ് നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നടപ്പിലാക്കിയതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ജാതി, ഭാഷ, സ്ഥലം എന്നിവയുടെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി ആരംഭിച്ചതോടെ ഉത്തർപ്രദേശ് കയറ്റുമതി കേന്ദ്രമായി മാറിയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.