ലഖ്‌നൗ: ഉത്തർപ്രദേശിൽ കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. സംബാൽ ജില്ലയിലെ വനമേഖലയിൽ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടി ബുധനാഴ്ച രാത്രി അയൽവാസിയായ അർജുൻ എന്ന പതിനെട്ടുകാരനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാത്രി മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അര്‍ജുനനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചതായും സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നെങ്കിലും തൂങ്ങി മരിക്കാൻ ഉപയോഗിച്ച കയറ് പൊട്ടി താൻ രക്ഷപ്പെടുകയായിരുന്നെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
കേസിൽ അന്വേഷണം തുടരുകയാണെന്നും സംഭവത്തിൽ മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.