ലഖ്‌നൗ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബിജെപി. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 300 മുസ്ലിം സ്ഥാനാര്‍ഥികളാണ് ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്നത്. അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ഇത്തരമൊരു നീക്കം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാലിരട്ടിയോളം വര്‍ധനവാണ് ബിജെപി മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് നേരത്തെ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ബിജെപി ടിക്കറ്റ് ലഭിച്ച 90 ശതമാനം മുസ്ലിം സ്ഥാനാര്‍ഥികളും പാര്‍ശ്വവത്‌കരിക്കപ്പെട്ട പസ്‌മാണ്ട വിഭാഗത്തില്‍പ്പെട്ടവരാണ്.
300 പേരില്‍ 30 പേര്‍ക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍, നഗര്‍ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളും നല്‍കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. വെസ്റ്റ് ഉത്തര്‍പ്രദേശിലുള്ള സ്ഥാനാര്‍ഥികള്‍ക്കാണ് നിലവില്‍ ബിജെപി ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. പസ്‌മാണ്ട വിഭാഗത്തെ കൂടാതെ ഷിയ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെയും ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുണ്ട്. അതേസമയം, സ്ഥാനാര്‍ഥികളുടെ പേര് പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ ആയിരിക്കും പിന്നീട് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണം 300ലേക്ക് എത്തിയതിന് പിന്നാലെ വരുന്ന തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലുള്ള ജയമാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപിയുടെ ന്യൂനപക്ഷ സെൽ പ്രസിഡന്‍റ് കുൻവർ ബാസിത് അലി അഭിപ്രായപ്പെട്ടു.'ഞങ്ങളുടെ മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണം 300 പിന്നിട്ടു. പാര്‍ട്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആയിരിക്കും ഞങ്ങള്‍ വോട്ട് ചോദിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തരത്തിലുള്ള വിജയമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ വാര്‍ഡുകളിലും മുനിസിപ്പാലിറ്റികളിലും നഗര്‍ പഞ്ചായത്തുകളിലും ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ അവരായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഭൂരിപക്ഷത്തോളം വരുന്ന ന്യൂനപക്ഷ മോർച്ച പ്രവർത്തകരെയും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം' -അദ്ദേഹം പറഞ്ഞു. മെയ് 4, 11 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.