ന്യൂഡൽഹി: കൊവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തെ പിന്തുണച്ച് യുകെ. മിനിറ്റിന് 500 ലിറ്റർ ഓക്‌സിജൻ ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ള മൂന്ന് ഓക്‌സിജൻ ഉത്പാദന യൂണിറ്റുകൾ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് യുകെ അറിയിച്ചു. ഇത് ഒരേ സമയം 50 രോഗികൾക്ക് മതിയാകും എന്നും ഓക്‌സിജനാണ് നിലവിൽ ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന് എന്നും യുകെ അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: യുകെയിൽ നിന്നുള്ള വൈദ്യ സഹായം ഇന്ത്യയിൽ എത്തി
കൂടാതെ കൊവിഡിനെതിരായ പോരാട്ടത്തിൽ ബ്രിട്ടൻ രാഷ്‌ട്രം ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ഈ സാഹചര്യത്തിൽ അന്താരാഷ്‌ട്ര സഹകരണം രാജ്യത്തിന് അനിവാര്യമാണ്. നിലവിലെ യുകെ പാക്കേജ് ഇന്ത്യയിലെ കൊവിഡ് ചികിത്സാ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ കഴിയുമെന്നും ഓക്‌സിജൻ ക്ഷാമം കുറയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 495 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും 200 വെന്‍റിലേറ്ററുകളും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടി യുകെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മെഡിക്കൽ സപ്ലൈസിന്‍റെ ആദ്യ ബാച്ച് ചൊവ്വാഴ്‌ച ഡൽഹിയിലെത്തിയിരന്നു. ബാക്കിയുള്ളവ വെള്ളിയാഴ്‌ചയോടെ തലസ്ഥാനത്തെത്തും.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.60 ലക്ഷം പുതിയ കൊവിഡ് കേസുകളും 3,293 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വരുന്നത്. കൂടാതെ ആരോഗ്യസംരക്ഷമ മേഖലയിലേക്ക് 2,600 ആരോഗ്യ വിദഗ്‌ദരെ വീണ്ടും വിന്യസിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: ഇന്ത്യയ്ക്ക് 60 കോടി രൂപ സഹായം പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ