ന്യൂഡൽഹി: കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. നാഗ്‌പൂരിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) നിന്നാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹത്തിന്‍റെ ഓഫീസ് അധികൃതർ ഇക്കാര്യം അറിയിച്ചു. മാർച്ച് ആറിനാണ് അദ്ദേഹം കൊവിഡിന്‍റെ ആദ്യ വാക്‌സിൻ സ്വീകരിച്ചത്.
അതേസമയം പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറും രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി അറിയിച്ചു. കമാൻഡ് ആശുപത്രിയിൽ നിന്നും വാക്‌സിനേഷൻ നടത്തിയ ധൻഖർ ആശുപത്രി അധികൃതർക്ക് നന്ദി അറിയിക്കുന്നുവെന്നും ട്വിറ്ററിൽ കുറിച്ചു.
ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. തുടർന്ന് മാർച്ച് ഒന്നിന് രണ്ടാം ഘട്ട വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖബാധിതർക്കുമാണ് രണ്ടാം ഘട്ടത്തിൽ മുൻഗണന നൽകിയത്. ഏപ്രിൽ ഒന്നിന് മൂന്നാംഘട്ട വാക്‌സിനേഷനിൽ 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകി തുടങ്ങി. അടുത്ത ഘട്ടത്തിൽ മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്.