ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രതിപക്ഷ ആവശ്യമായ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) അന്വേഷണത്തിന് സാധ്യതയില്ലെന്ന സൂചന നല്‍കി കേന്ദ്ര വിദേശ, പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍. അപാകതകളെക്കുറിച്ച് ആരോപണമുന്നയിച്ചത് അമേരിക്കന്‍ കമ്പനിയാണെന്നും അല്ലാതെ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനവും ഇത്തരത്തില്‍ അവകാശവാദമുന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിക്കുന്നതില്‍ അര്‍ഥമില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷത്തിന് വിമര്‍ശനം: പ്രതിപക്ഷത്തിന്‍റെ കയ്യില്‍ മറ്റ് വിഷയങ്ങളൊന്നുമില്ല. അതുകൊണ്ടാണ് അവര്‍ ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തുന്നത്. കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന്‍റെ (സിഎജി) റിപ്പോര്‍ട്ടിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിലുമല്ലാതെ ഒരു വിദേശ കമ്പനിയുടെ റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിച്ചതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും വി.മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചു. അതേസമയം 1987 ലെ ബോഫോഴ്‌സ് അഴിമതി, 1992 ലെ ഹർഷദ് മേത്ത ഓഹരി വിപണി അഴിമതി, 2011 ലെ 2ജി സ്‌പെക്‌ട്രം അഴിമതി, 2019 ലെ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ തുടങ്ങിയ വിഷയങ്ങളിലാണ് ലോക്‌സഭ - രാജ്യസഭ അംഗങ്ങളെ ഉള്‍പ്പെടുത്തി ഇതിന് മുമ്പ് സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിച്ചിട്ടുള്ളത്.
എന്താണ് സംയുക്ത പാര്‍ലമെന്‍ററി സമിതി: വിഷയവുമായി ബന്ധപ്പെട്ട് വാക്കാലോ രേഖാമൂലമുള്ളതോ ആയ തെളിവുകള്‍ ആവശ്യപ്പെടുന്നതിന് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് (ജെപിസി) അധികാരമുണ്ട്. 30 മുതല്‍ 31 അംഗങ്ങളാവും സമിതിയിലുണ്ടാവുക. അതുകൊണ്ടുതന്നെ ഇതുപരിഗണിച്ചുള്ള സംയുക്ത പാര്‍ലമെന്‍ററി സമിതി ശുപാര്‍ശകള്‍ക്ക് വ്യക്തമായ ആധികാരികതയുമുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കമ്മിറ്റിക്ക് സർക്കാരിനെ നിർബന്ധിക്കാനാവില്ല. സംയുക്ത പാര്‍ലമെന്‍ററി സമിതി ശുപാര്‍ശകള്‍ പരിഗണിച്ച് അന്വേഷണം നടത്തുന്നതും സർക്കാരിന് തീരുമാനിക്കാം. അതായത് റിപ്പോര്‍ട്ടില്‍ എന്തുവേണമെന്നുള്ളത് സര്‍ക്കാരിന്‍റെ വിവേചനാധികാരത്തിനെ ആശ്രയിച്ചിരിക്കും.
കണ്ണടച്ചാല്‍ ഇരുട്ടാകുമോ?: എന്നാല്‍ ഓഹരി കൃത്രിമത്വം എന്നുള്ള സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അദാനി വിഷയത്തില്‍ മൗനം ഭാവിക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം തുടരുകയാണ്. സര്‍ക്കാര്‍ തെറ്റായൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപികരിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് പ്രതിപക്ഷം ചോദ്യമുയര്‍ത്തുന്നത്. മാത്രമല്ല അഥവാ സമിതി രൂപീകരിച്ചാല്‍ തന്നെ അതിലെ അംഗങ്ങളില്‍ ഭൂരിഭാഗവും ചെയര്‍മാനും ഭരണകക്ഷിയില്‍ നിന്നുള്ളവരായതിനാല്‍ ഭയമെന്തിനാണെന്നും കോണ്‍ഗ്രസ് എംപി അബ്‌ദുല്‍ ഖാലിദ് ചോദ്യമുന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമെ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിക്കാവു എന്ന് നിയമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദാനി വിവാദവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് തെളിയിക്കാന്‍ വേണ്ടിയെങ്കിലും സര്‍ക്കാര്‍ ജെപിസി രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്: അതേസമയം ഇക്കഴിഞ്ഞ ജനുവരി 24 നാണ് യു.എസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് വൻതോതിലുള്ള ഓഹരി കൃത്രിമത്വത്തിലും അക്കൗണ്ടിങ് തട്ടിപ്പിലും ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. 'കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചതി' എന്നറിയിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ 100 ബില്യൺ ഡോളറിലധികം നഷ്‌ടവുമുണ്ടായി. മാത്രമല്ല 2022 ല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരില്‍ മൂന്നാമനായിരുന്ന ഗൗതം അദാനിയെ നിലവില്‍ പട്ടികയിലെ 21-ാം സ്ഥാനത്തേക്ക് പിന്തള്ളുന്നതിനും റിപ്പോര്‍ട്ട് കാരണമായി.