ന്യൂഡൽഹി: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. നിയോജക മണ്ഡലത്തോട് കാണിച്ച പ്രതിബദ്ധതക്കുറവ് കാരണമാണ് വടക്കേ ഇന്ത്യയിൽ നിന്ന് രാഹുലിന് പുറത്ത് പോകേണ്ടി വന്നതെന്നാണ് താക്കൂർ പറഞ്ഞത്. ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രസ്‌താവനകൾ ഇനിയെങ്കിലും നിർത്തൂ എന്നും അദ്ദേഹം കൂട്ടിചേർത്തു. 15 വർഷത്തോളം വടക്കേ ഇന്ത്യയിൽ എംപിയായി ഇരുന്ന ശേഷം കേരളത്തിൽ എംപി ആയത് ഉന്മേഷം പകരുന്നു എന്ന് രാഹുൽ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെയും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തിയ രാഹുൽ, ഇത്തവണ കേരളത്തിൽ കോൺഗ്രസ് പാർട്ടി ജനങ്ങൾക്കായുള്ള പ്രകടന പത്രികയുമായി വരുമെന്ന് പറഞ്ഞിരുന്നു. യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രയുടെ സമാപന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിച്ച രാഹുൽ ഗാന്ധി ഇത്തവണത്തെ കോൺഗ്രസ് പ്രകടനപത്രികയിൽ ദരിദ്ര വിഭാഗങ്ങൾക്കായുള്ള മിനിമം വരുമാന ഗ്യാരണ്ടി പദ്ധതിയായ ന്യായ് പദ്ധതി ഉൾപ്പെടുത്തുമെന്നും വ്യക്തമാക്കി. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.