കൊൽക്കത്ത: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനവിരുദ്ധമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി രാജ്യത്തിന്‍റെ വിഭവ സമ്പത്തുകൾ സ്വകാര്യ വ്യക്തികൾക്ക് വിൽക്കുന്നു. ദേശീയത പറയുന്നവർ ദേശത്തെ വിൽക്കുകയാണെന്നും മമത ബാനർജി പറഞ്ഞു. റെയിൽവെ, പൊതുമേഖല സ്ഥാപനങ്ങൾ, ഇൻഷുറൻസ് തുടങ്ങി രാജ്യത്തിന്‍റെ വിഭവ സമ്പത്ത് മുഴുവൻ വിൽപനയ്ക്ക് വച്ചു കൊണ്ടുളള ബജറ്റ് അവതരണമാണ് നിർമല സീതാരാമൻ നടത്തിയത്തെന്ന് മമത ബാനർജി കുറ്റപെടുത്തി. ഉത്തർബംഗാളിലെ ബംഗാ ഉത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.
കോർപറേറ്റുകളുടെ വായ്പ എഴുതി തള്ളുന്ന സർക്കാർ കർഷക ബില്ലുകൾ പിൻവലിക്കാൻ തയ്യാറാകുന്നില്ലെന്നും ഈ ബജറ്റ് ജനവിരുദ്ധവും, കർഷക വിരുദ്ധവും, രാജ്യവിരുധദ്ധവുമാണെന്നും മമത പറഞ്ഞു. ബംഗാൾ പിടിക്കാൻ ചാർട്ടേഡ് വിമാനപിടിച്ചെത്തി കാശ് കൊടുത്ത് നേതാക്കളെ പിടിക്കുന്നവർ കൊവിഡ് കാലത്ത് തൊഴിലാളികളുടെ യാത്രയ്ക്ക് പണം നൽകാൻ തയ്യാറായില്ലെന്നും മമത പരിഹസിച്ചു.