ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. അതിനായി സംസ്ഥാനത്ത് ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ധാമി പറഞ്ഞു. ഉത്തരകാശിയിലെ ജാഖോലിൽ ബിസ്സു മേളയിൽ പങ്കെടുക്കവെയായിരുന്നു 'ആത്മീയതയുടെയും സാംസ്‌കാരികതയുടേയും കേന്ദ്രമായി' കണക്കാക്കപ്പെടുന്ന ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ധാമി പ്രഖ്യാപിച്ചത്.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനായി രൂപീകരിച്ച നയ, നിയമ വിദഗ്ധർ ഉൾപ്പെടുന്ന ഒരു സമിതി ഇത് സംബന്ധിച്ച് കരട് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ധാമി സർക്കാരിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പദ്ധതിയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ജനങ്ങൾ ഈ സർക്കാർരിനെ തെരഞ്ഞെടുത്തത്. അതിനാൽ കോഡ് നടപ്പിലാക്കാനുള്ള തീരുമാനവും ജനങ്ങളുടേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സമുദായങ്ങളിലും മതങ്ങളിലും പെട്ട ആളുകളെ തുല്യമായി പരിഗണിക്കും. എല്ലാവർക്കും ഒരേ നയവും നിയമവും ക്രമവും പാലിക്കും. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് മൂന്ന് സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തെ ലക്ഷ്യം വച്ച ധാമി, ചിലർ അഞ്ച് സിലിണ്ടറുകൾ നൽകുമെന്ന് പറഞ്ഞുവെങ്കിലും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അങ്ങനെയൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ ഒരാൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പകരും മുതിർന്ന രണ്ട് അംഗങ്ങൾക്ക് പെൻഷൻ നൽകും.
ഒരാൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പകരം സംസ്ഥാനത്തെ രണ്ട് കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കും പെൻഷൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025ൽ സംസ്ഥാനത്തിന് 25 വയസ് തികയുമ്പോൾ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നായി മാറുക എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം എന്ന് ധാമി പറഞ്ഞു.