ശ്രീനഗര്‍: യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക്കില്‍ ഇടം പിടിച്ച് ജമ്മു കശ്‌മീരിന്‍റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗര്‍. കരകൗശല, നാടോടി കല വിഭാഗത്തിലാണ് (ക്രാഫ്‌റ്റ് ആന്‍റ് ഫോക്ക് ആര്‍ട്ട് കാറ്റഗറി) ശ്രീനഗറിനെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക്കിലേക്ക് യുനെസ്കോ തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ നേട്ടത്തോടെ ശ്രീനഗറിന്‍റെ തനതായ കരകൗശലവസ്തുക്കളെ യുനെസ്‌കോയിലൂടെ ആഗോള വേദിയിൽ എത്തിക്കുവാനാവും.
കലകളും നാടോടി കലകളും, മാധ്യമം, സിനിമ, സാഹിത്യം, ഡിസൈൻ, ഗ്യാസ്ട്രോണമി (ഭക്ഷണവുമായി ബന്ധപ്പെട്ടത്) , മാധ്യമ കലകൾ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായാണ് യുനെസ്കോ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക്കിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്.
ശ്രീനഗറിനെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്താന്‍ നാമനിർദേശം ചെയ്യുന്നതിനുള്ള ഡോസിയർ 2019ലാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും ഹൈദരാബാദും(ഗ്യാസ്ട്രോണമി) മുംബൈയും(സിനിമ) മാത്രമാണ് അന്ന് പട്ടികയില്‍ ഇടം പിടിച്ചത്.
also read: റഫാൽ ഇടപാട്; ഗുരുതര വെളിപ്പെടുത്തലുമായി ഫ്രഞ്ച് അന്വേഷണ ജേർണല്‍
അതേസമയം 2019ന് മുമ്പ് മൂന്ന് ഇന്ത്യൻ നഗരങ്ങൾ മാത്രമാണ് യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വര്‍ക്കിലുണ്ടായിരുന്നത്. 2015-ൽ ജയ്‌പൂര്‍ (കരകൗശലവും നാടോടി കലകളും), 2015ൽ വാരണാസി (സംഗീതം), 2017ൽ ചെന്നൈ (സംഗീതം). എന്നിങ്ങനെയായിരുന്നു അത്.