ഖണ്ഡഘോഷ് : അവിഭക്ത ബർദ്വാൻ ജില്ലയായ, ബംഗാളിലെ ഖണ്ഡഘോഷിനെ അവിഭാജ്യമായ ഒരേടായാണ് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. വിപ്ലവ നായകന്‍ ഭഗത് സിംഗിന്‍റെ ഉറ്റ അനുയായിയായിരുന്ന ബതുകേശ്വർ ദത്തയുടെ നാടാണിത്. ഭഗത് സിംഗിനെയും കൂട്ടാളിയെയും ഒളിവില്‍ കഴിയാനും ബ്രിട്ടീഷുകാര്‍ക്കെതിരായ പദ്ധതി ആസൂത്രണം ചെയ്യാനും അദ്ദേഹത്തിന് ദത്ത ഇവിടെ സൗകര്യമൊരുക്കുകയുണ്ടായി.
1928 ല്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ലാല ലജ്‌പത് റായ് സൈമൺ കമ്മിഷനെതിരെ ലാഹോറിൽ പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് സൂപ്രണ്ടായിരുന്ന ജെയിംസ് സ്കോട്ടിന്‍റെ നിർദേശപ്രകാരം റായ്‌ക്കും കൂട്ടാളികള്‍ക്കുമെതിരെ ശക്തമായ പൊലീസ് നടപടി നേരിടേണ്ടി വന്നു. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം ലജ്‌പത് റായ് മരണത്തിന് കീഴടങ്ങി.
ബ്രിട്ടീഷുകാരുടെ ഈ ക്രൂരകൃത്യത്തില്‍ പ്രകോപിതനായ ഭഗത് സിംഗും അദ്ദേഹത്തിന്‍റെ കൂട്ടാളിയായ ശിവറാം രാജ്‌ഗുരുവും തിരിച്ചടിയ്‌ക്കാന്‍ തീരുമാനിച്ചു. ജെയിംസ് സ്കോട്ടിനെ വധിക്കാനായിരുന്നു പദ്ധതി. എന്നാല്‍, അബദ്ധവശാല്‍ അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ടായിരുന്ന ജോൺ സാണ്ടേഴ്‌സണ കൊലപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന്, പൊലീസിന്‍റെ കണ്ണുവെട്ടിച്ച് അവിഭക്ത ബർദ്വാൻ ജില്ലയിലെ ഖണ്ഡഘോഷ് ഉയാരി ഗ്രാമത്തിൽ എത്തിച്ചേര്‍ന്നു.
തുണയായി രഹസ്യ ഭൂഗര്‍ഭ അറ
ബതുകേശ്വർ ദത്തയുടെ പൂർവ്വികരുടെ വീട് സ്ഥിതി ചെയ്‌തിരുന്നത് ഈ ഗ്രാമത്തിലാണ്. ഖണ്ഡഘോഷിൽ പൊലീസ് നടപടികള്‍ വർധിച്ചു. ഇതേതുടര്‍ന്ന്, ബതുകേശ്വർ ദത്തയുടെ കുടുംബവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, പൊലീസ് പിടിക്കാന്‍ സാധ്യതയുണ്ടെന്ന ഘട്ടംവന്നപ്പോള്‍ താമസിക്കുന്ന തൊട്ടടുത്ത ഘോഷ് കുടുംബത്തിന്‍റെ വീട്ടിലെ രഹസ്യ ഭൂഗര്‍ഭ അറയെക്കുറിച്ച് ദത്തിന് ഓര്‍മ വന്നു.
അവസാന ആശ്രയമെന്നോണം, ദത്തയുടെ കുടുംബ വീടിന് തൊട്ടടുത്തുള്ള ഘോഷ് കുടുംബത്തിന്‍റെ വീട്ടിലെ രഹസ്യ ഭൂഗർഭ അറയിലേക്ക് മാറി. ലാല ലജ്‌പത് റായിയെ ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാൻ അവർ ന്യൂഡൽഹിയിൽ സെന്‍ട്രല്‍ നിയമസഭ മന്ദിരം ആക്രമണം നടത്താന്‍ പദ്ധതിയിടുകയും 15 ദിവസം അവിടെ തങ്ങുകയും ചെയ്തു. പിന്നീട്, ഈങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് അവർ ബോംബ് ആക്രമണം നടത്തുകയുണ്ടായി.
ഈ ബേസ്മെന്‍റ് നിലവില്‍ ഒരു മ്യൂസിയമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ബർദ്വാൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് തെലിപ്പുകൂർ ക്രോസിങ് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന്, അരാംബാഗ് റോഡിലൂടെ മറ്റൊരു നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ബങ്കുറ ക്രോസിങിലേക്ക് പോകാം. അവിടെ നിന്ന് പടിഞ്ഞാറ് ദിശയിലേക്കുള്ള മറ്റൊരു 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉയാര ഗ്രാമത്തിലേക്ക് എത്തും.
മ്യൂസിയം സ്ഥാപിക്കാന്‍ നീക്കം
അവിടെയാണ് ദത്തയുടെ പൂർവ്വികരുടെ വസതിയുണ്ടായിരുന്നത്. അതിനടുത്തുള്ള വീടാണ് നേരത്തേ സൂചിപ്പിച്ച ഘോഷ് കുടുംബം താമസിച്ചിരുന്ന രഹസ്യ അറയുള്ള വീട്. ആ വീട് ഇപ്പോൾ ജീർണാവസ്ഥയിലാണ്. ഭവനത്തിന്‍റെ വാസ്‌തുവിദ്യ ശൈലി ആരുടെയും ശ്രദ്ധ ആകർഷിക്കും. ഘോഷ് കുടുംബത്തിന്‍റെ പൂർവ്വികർ ഇപ്പോൾ താമസിക്കുന്നത് പഴയ കെട്ടിടത്തോട് ചേർന്നുള്ള പുതിയ വീട്ടിലാണ്.
ഘോഷ് വീടിന്‍റെ പ്രവേശന കവാടത്തിന് തൊട്ടുപുറകുഭാഗത്ത് ഒരു ബാൽക്കെണിയുണ്ട്. അവിടെ മരം കൊണ്ടുള്ള വാതിലുകളുള്ള രണ്ട് ഷോകെയ്‌സുകളുണ്ട്. ഇവിടെ സൗന്ദര്യവർധക വസ്‌തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ഈ ഷോകെയ്‌സുകള്‍ യഥാര്‍ഥത്തില്‍ ചരിത്രപരമായ ഭൂഗർഭ അറയിലേക്കുള്ള പ്രവേശന കവാടമായിരുന്നു. അവിടെ, കുറഞ്ഞത് നാലോ അഞ്ചോ പേർക്ക് എളുപ്പത്തിൽ ഒളിച്ചുതാമസിക്കാന്‍ കഴിയും.
നഷ്‌ടപരിഹാരം നൽകിയാൽ സംരക്ഷണത്തിനായി വീട് സർക്കാരിന് കൈമാറാൻ തയ്യാറാണെന്ന് ഈ വീടിന്‍റെ നിലവിലെ ഉടമകൾ പറയുന്നത്. ബതുകേശ്വർ ദത്ത വെൽഫെയർ ട്രസ്റ്റ് ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലം ഒരു മ്യൂസിയം സ്ഥാപിച്ച് സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സർക്കാർ ഏറ്റെടുക്കല്‍ നടപടികൾ പുരോഗമിക്കുന്നു
''സംസ്ഥാന സർക്കാർ ഈ വീട് ഏറ്റെടുത്ത് ഒരു മ്യൂസിയമാക്കി മാറ്റണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നഷ്ടപരിഹാരം ലഭിക്കുന്ന ദിവസം ഞങ്ങൾ സ്ഥലം ഒഴിഞ്ഞുകൊടുക്കും.'' ഘോഷ് കുടുംബത്തിലെ അംഗമായ രേഖ ഘോഷ് പറയുന്നു. ഘോഷ് കുടുംബാംഗങ്ങളുമായി തങ്ങൾ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സർക്കാർ ഏറ്റെടുത്താലുടൻ ആ വീട് സംരക്ഷിക്കപ്പെടുമെന്നും ബതുകേശ്വർ ദത്ത ട്രസ്റ്റ് സെക്രട്ടറി മധുസൂദനൻ ദത്ത പറഞ്ഞു. ഭഗത് സിംഗും കൂട്ടാളികളും 15 ദിവസം ഘോഷ് കുടുംബത്തിന്‍റെ വീടിന്‍റെ അടിത്തറയില്‍ അഭയം പ്രാപിച്ചതായി ചരിത്രകാരനായ സർബജിത് ജാഷ് ആധികാരികമായി അടയാളപ്പെടുത്തുന്നു.
സെന്‍ട്രല്‍ നിയമസഭയുടെ ആക്രമണത്തെക്കുറിച്ച് അവിടെ ആസൂത്രണം നടന്നിട്ടുണ്ട്, അതനുസരിച്ചാണ് സിംഗും കൂട്ടാളികളും ബോംബ് ആക്രമണം നടത്തിയത്. പിന്നീട് അവര്‍ അറസ്റ്റിലായി. ആ ഗ്രാമത്തില്‍ വരുന്നവര്‍ രഹസ്യ അറയെക്കുറിച്ച് അന്വേഷിക്കാറുണ്ട്. സംസ്ഥാന സർക്കാർ അത് ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സർബജിത് ജാഷ് പറഞ്ഞു.
ALSO READ: വിലക്കയറ്റത്തിനെതിരെ വേറിട്ട പ്രതിഷേധം; 'അച്ചാ ദിന്‍' തിരഞ്ഞ് ക്രെയിനിന് മുകളില്‍ കയറി