ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിൽ പങ്കെടുക്കാൻ വ്യോമസേനയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈനില്‍ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള എന്ത് പ്രവര്‍ത്തനത്തിനും തയ്യാറാണെന്ന് വ്യോമസേന പ്രസ്‌താവനയില്‍ അറിയിച്ചു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള ദൗത്യത്തിന് വ്യോമസേനയുടെ സി-17 വിമാനങ്ങളാണ് ഉപയോഗിക്കുക. വ്യോമസേനയുടെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് വിമാനമായ സി-17ല്‍ ഒരുസമയം ഏകദേശം 300 യാത്രക്കാരെ വഹിക്കാനാവും.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ദൗത്യത്തില്‍ സി-17 വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. യുക്രൈനിലേക്ക് മരുന്നടക്കമുള്ള സഹായങ്ങളെത്തിക്കുന്നതിനും ഇതേവിമാനം തന്നെയാണ് ഉപയോഗിക്കുന്നത്.
also read: യുക്രൈനില്‍ റഷ്യൻ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യൻ വിദ്യാര്‍ഥി കൊല്ലപ്പെട്ടു
ഫെബ്രുവരി 24 മുതൽ യുക്രൈനിയന്‍ വ്യോമാതിർത്തി അടച്ചതിനാല്‍, കര അതിര്‍ത്തി പങ്കിടുന്ന റൊമാനിയ, ഹംഗറി എന്നിവിടങ്ങളിൽ നിന്ന് ഇതുവരെ സ്വകാര്യ ഇന്ത്യൻ വിമാനക്കമ്പനികൾ മാത്രമാണ് ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായിരുന്നത്. യുക്രൈനില്‍ കുടങ്ങിയ ഏകദേശം 14,000 പൗരന്മാരെ ഫെബ്രുവരി 26 മുതലാണ് ഇന്ത്യ ഒഴിപ്പിക്കാൻ തുടങ്ങിയത്.