അഹമ്മദാബാദ് (ഗുജറാത്ത്): ഇന്ത്യയിൽ ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഹമ്മദാബാദിലെത്തി. ഇന്ത്യയിലേക്കുള്ള ബോറിസ് ജോൺസന്‍റെ ആദ്യ സന്ദർശനമാണിത്. ഇന്ത്യ-പസഫിക്കിലെ സഹകരണം വർധിപ്പിക്കുക, ഇരു രാജ്യങ്ങൾക്കുമിടയിലെ സ്വതന്ത്ര വ്യാപാര ഉടമ്പടി സംബന്ധിച്ച ചർച്ചകൾക്ക് ആക്കം കൂട്ടുക, പ്രതിരോധ ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം.
അഹമ്മദാബാദിലെത്തിയ ജോൺസൺ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്‌ച നടത്തും. ബ്രിട്ടന്‍റെയും ഇന്ത്യയുടെയും വാണിജ്യ, വ്യാപാര ബന്ധങ്ങളെ കുറിച്ച് കൂടിക്കാഴ്‌ചയിൽ ചർച്ച നടത്തും.
വെള്ളിയാഴ്‌ച രാവിലെ രാഷ്ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിൽ പങ്കെടുക്കുന്ന ബോറിസ് ജോൺസൺ പിന്നീട് രാജ്‌ഘട്ടിൽ മഹാത്മാഗാന്ധിയുടെ സമാധിയിൽ പുഷ്‌പാർച്ചന നടത്തും. തുടർന്ന് ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയിൽ ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാനമായ പ്രതിരോധം, നയതന്ത്ര, സാമ്പത്തിക പങ്കാളിത്തം എന്നിവയിൽ ചർച്ച നടത്തും. ഇന്തോ-പസിഫിക്കിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സുരക്ഷ സഹകരണം വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ചർച്ച.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും ജോൺസൺ ചർച്ച നടത്തും. ഇന്ത്യയുമായുള്ള കരാർ ബ്രിട്ടന്‍റെ മൊത്തം വ്യാപാരം 2035ഓടെ പ്രതിവർഷം 28 ബില്യൺ പൗണ്ട് വരെ വർധിപ്പിക്കുകയും യുകെയിൽ ഉടനീളമുള്ള വരുമാനം 3 ബില്യൺ പൗണ്ട് വരെ വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. അതിനാൽ ഈ വർഷം ആദ്യം ആരംഭിച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി ചർച്ചകളിൽ പുരോഗതി കൈവരിക്കാൻ ജോൺസൺ ഈ സന്ദർശനം ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍റെ പ്രസ്‌താവനയിൽ പറയുന്നു.
Also Read: ദ്വിദിന സന്ദർശനത്തിനായി ബോറിസ് ജോൺസൺ ഇന്ത്യയിൽ; നരേന്ദ്ര മോദിയുമായി നിർണായക കൂടിക്കാഴ്‌ച