ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബാനര്‍ വയ്ക്കാന്‍ നിര്‍ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി). ഞായറാഴ്ചയാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച യുജിസിയുടെ കത്ത് ലഭിച്ചത്. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനത്തിന് നന്ദി അറിയിച്ചാണ് ഇതെന്നാണ് കത്തില്‍ പറയുന്നത്.
വാക്സിനും മോദിയും
പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം 'എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ക്യാംപെയിന്‍, നന്ദി പിഎം മോദി' എന്നാണ് എഴുതേണ്ടതെന്ന നിര്‍ദേശവുമുണ്ട്. വാട്സ്ആപ്പ് മെസേജിലൂടെയാണ് വിവിധ സ്ഥാപനങ്ങളിലേക്ക് യുജിസി കത്തയച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ഈ ബാനർ പങ്ക് വയ്ക്കണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
"2021 ജൂൺ 21 മുതൽ മുതൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിനേഷൻ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സർവകലാശാലകളിലും കോളജുകളിലും ബാനറുകൾ സ്ഥാപിക്കണം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തയ്യാറാക്കിയ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഹോർഡിംഗുകളും ബാനറുകളും ഇതോടൊപ്പം ചേർക്കുന്നു” ഇതായിരുന്നു യുജിസിയുടെ കത്ത്. പോസ്റ്ററിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിനോടൊപ്പം "നന്ദി പ്രധാനമന്ത്രി മോദി" എന്ന് എഴുതിയിട്ടുണ്ട്.
'#താങ്ക്യൂ മോദിജി'
ഡൽഹി യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, ഭോപ്പാലിലെ എൽഎൻസിടി യൂണിവേഴ്‌സിറ്റി, ബെന്നറ്റ് യൂണിവേഴ്‌സിറ്റി, ഗുഡ്ഗാവിലെ നോർത്ത്കാപ്പ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ ബാനറുകൾ "താങ്ക്യു മോഡിജി" എന്ന ഹാഷ്‌ടാഗുമായി ഷെയർ ചെയ്തിട്ടുണ്ട്. അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥി സംഘടനകൾ, രാഷ്ട്രീയക്കാർ എന്നിവരുൾപ്പെടെ നിരവധി പേർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Also Read : റെക്കോഡിട്ട് ഇന്ത്യ ; തിങ്കളാഴ്ച വിതരണം ചെയ്തത് 80 ലക്ഷത്തിലേറെ ഡോസ് വാക്സിൻ
ജൂണ്‍ 21 മുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എന്ന പുതിയ നയം നടപ്പാക്കി തുടങ്ങിയത്.