ചെന്നൈ : സനാതന ധർമത്തെക്കുറിച്ച് (Sanatana Dharma) താൻ പറഞ്ഞ അഭിപ്രായങ്ങളിൽ ഉറച്ച് നിൽക്കുന്നതായി ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin). വിശ്വാസത്തിലെ ചില ആചാരങ്ങളെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും അതിനെതിരെ ശബ്‌ദമുയർത്തുന്നത് തുടരുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. താൻ ഹിന്ദു വിശ്വാസത്തെക്കുറിച്ചല്ല വിവേചനം കാണിക്കുന്ന എല്ലാ ആചാരങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്‌തമാതക്കി (Udhayanidhi stalin on sanatana dharma remark).
'സനാതന ധർമത്തെക്കുറിച്ച് സംസാരിച്ച കാര്യങ്ങൾ ഞാൻ വീണ്ടും വീണ്ടും സംസാരിക്കും. പലരെയും ചൊടിപ്പിക്കുന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നതെന്ന് ഞാൻ അന്ന് തന്നെ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സനാതന ധർമം എന്നാൽ ശാശ്വതമാണെന്നും അത് മാറ്റാൻ കഴിയില്ല എന്നുമാണ് അർഥമാക്കുന്നത്. എന്നാൽ വീടിനുള്ളിൽ ഒതുങ്ങിയ സ്‌ത്രീകൾ പുറത്തുവന്നു.'
'സ്‌ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കില്ലെന്ന് അവർ പറഞ്ഞു. അവർക്ക് വിദ്യാഭ്യാസം നൽകിയത് ദ്രാവിഡർ മാത്രമാണ്. പ്രാതൽ പദ്ധതി പോലും കൂടുതൽ കുട്ടികൾക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനാണ്. സനാതനം സ്‌ത്രീകളെ അടിമകളാക്കി. വിധവകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ചിതയില്‍ ചാടി ജീവൻ ത്യജിക്കുന്ന സതി സമ്പ്രദായം ഒരു കാലത്ത് ഉണ്ടായിരുന്നു.'
'ഇതെല്ലാം സനാതനമാണ്. ഇത് ഉന്മൂലനം ചെയ്യാനാണ് ഞാൻ പറഞ്ഞത്. ഞാൻ അത് തുടർന്നും പറയും. ഈ വിഷയത്തിൽ ജീവനുനേരെയുള്ള ഭീഷണികളിൽ തളരില്ല.' - ഉദയനിധി സ്റ്റാലിൻ വ്യക്‌തമാക്കി. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പരാമർശം രാജ്യത്തുടനീളം വലിയ കോലാഹലങ്ങളാണ് സൃഷ്‌ടിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിങ്ങും ഉൾപ്പെടെയുള്ളവർ ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ജനങ്ങളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും ആരും ഇടപെടരുതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പറഞ്ഞിരുന്നു. എല്ലാ മതങ്ങൾക്കും പ്രത്യേക വികാരങ്ങളുണ്ടെന്നും ഇന്ത്യ നാനാത്വത്തിൽ ഏകത്വമാണെന്നും മമത വ്യക്‌തമാക്കി. അതേസമയം ലോക്‌സഭ എംപി കാർത്തി ചിദംബരവും എംപി ജോതിമണിയും ഉദയനിധിക്ക് പിന്തുണയുമായി രംഗത്തെത്തി.
'സനാതന ധർമം ഒന്നുമല്ല, അത് ഒരു ജാതി ഹൈറാർക്കി സമൂഹത്തിനുള്ള ഒരു കോഡാണ്. ജാതി ഇന്ത്യയുടെ ശാപമാണ്.' - കാർത്തി ചിദംബരം പറഞ്ഞു. സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധിയുടെ പരാമർശം.
അതേസമയം ഉദയനിധിയുടെ പരാമർശം ഹിന്ദുമതത്തിനെതിരാണെന്നും സനാതന ധർമം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണിതെന്നുമാണ് ബിജെപി കുറ്റപ്പെടുത്തിയത്. ഉദയനിധിയുടെ പ്രസ്‌താവന പ്രകോപനപരവും അപകീർത്തികരവുമെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ ഡൽഹി പൊലീസിൽ പരാതിയും നൽകിയിരുന്നു.