മുംബൈ : ശിവസേനയിലെ ഉൾപ്പാര്‍ട്ടി ഭിന്നതകൾ പരിഹരിക്കാൻ വിശ്വാസ വോട്ടെടുപ്പ് എന്ന സംവിധാനം ദുരുപയോഗം ചെയ്യരുതായിരുന്നുവെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെ ഷിന്‍ഡെ പക്ഷത്തെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് ഉദ്ധവ് താക്കറെ. ഷിൻഡെ-ബിജെപി സർക്കാരിന്‍റെ വൃത്തികെട്ട മുഖം കോടതി തുറന്നുകാട്ടിയെന്ന് ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യദ്രോഹികളുടെ സർട്ടിഫിക്കറ്റുമായി അധികാരത്തിൽ തുടരാൻ താന്‍ ആഗ്രഹിച്ചില്ലെന്നും അതിനാലാണ് ധാർമികതയുടെ പേരിൽ രാജിവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിന്‍ഡെ സംഘത്തിന് രൂക്ഷ വിമര്‍ശനം: സുപ്രീം കോടതി വിധിക്കായി അനിൽ ദേശായിയും അനിൽ പരബും കഠിനാധ്വാനം ചെയ്തു. അവരോട് നന്ദിയുണ്ട്. ഇനി നിയമസഭ സ്‌പീക്കര്‍ ഭ്രാന്തന്‍ തീരുമാനമാണ് എടുക്കുന്നതെങ്കില്‍ സുപ്രീം കോടതിയുടെ വാതിലുകളില്‍ മുട്ടുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ഷിൻഡെ ബിജെപി സംഘത്തെ ഉദ്ധവ് താക്കറെ വെല്ലുവിളിക്കുകയും ചെയ്‌തു.
കോടതി പരാമര്‍ശത്തെ തുടര്‍ന്ന് നിയമവിരുദ്ധമായ സർക്കാർ രാജിവയ്ക്കണം. ഷിൻഡെ സർക്കാരിനോട് താഴെയിറങ്ങാൻ മോദി നിർബന്ധിക്കണം. ഇരട്ട എഞ്ചിനിലെ ഒരു എഞ്ചിൻ പ്രവര്‍ത്തനരഹിതമായെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സര്‍ക്കാര്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ച് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവർണറുടെ പങ്ക് വളരെ നിന്ദ്യമായിരുന്നു. ഗവർണർ എന്ന സ്ഥാപനം ഇല്ലാതാക്കണം. അല്ലാത്തപക്ഷം അവരെ നിയമിക്കുമ്പോൾ തന്നെ ചട്ടങ്ങൾ ഉണ്ടാക്കണമെന്നും ഉദ്ധവ് പറഞ്ഞു. ബിഹാറിലും ജമ്മുവിലും ബിജെപി ധാർമികത കൈവിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭ അധ്യക്ഷന്‍റെ തീരുമാനത്തിന് കാത്ത്: സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിച്ച അനിൽ പരബും മാധ്യമങ്ങളോട് പ്രതികരിച്ചു. വിപ്പ് ആരെന്ന കാര്യത്തിൽ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കോടതി നിര്‍ദേശത്തിന്‍റെ പകര്‍പ്പ് സഹിതം തങ്ങള്‍ നിയമസഭ സ്‌പീക്കര്‍ക്ക് കത്തയയ്‌ക്കാന്‍ പോവുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ : മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ശിവസേനയിലെ ഭിന്നതകൾ പരിഹരിക്കാൻ വിശ്വാസ വോട്ടെടുപ്പ് എന്ന സംവിധാനം ദുരുപയോഗം ചെയ്യരുതായിരുന്നുവെന്നും ഇക്കാര്യത്തിൽ ഗവർണർക്ക് തെറ്റ് പറ്റിയതായും ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഏക്‌നാഥ് ഷിൻഡെ സർക്കാരിന് വിമർശനം നേരിടേണ്ടിവന്നുവെങ്കിലും ഉദ്ധവ് പക്ഷത്തിന് അധികാരത്തിലെത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. രാജി വെച്ചില്ലായിരുന്നുവെങ്കിൽ ഉദ്ധവ് പക്ഷത്തെ പുനഃസ്ഥാപിക്കാമായിരുന്നുവെന്നും വിശ്വാസ വോട്ട് തേടാത്തതിനാല്‍ സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം തള്ളിക്കൊണ്ട് സുപ്രീം കോടതി അറിയിച്ചിരുന്നു.
ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം സ്‌പീക്കറെ നിയമിച്ചത് പാർട്ടി നൽകിയ വിപ്പ് പാലിക്കാതെയായതിനാല്‍, നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിരുന്നു. വിശ്വാസ വോട്ടിന് നിര്‍ദേശം നല്‍കാനുള്ള ഒരു വസ്‌തുതയും ഗവര്‍ണറുടെ പക്കല്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിരുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പിലെ ഗോഗവാലെയെ വിപ്പായി നിയമിച്ച സ്‌പീക്കറുടെ നടപടി തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.