മുംബൈ: രാജിവച്ചിരുന്നില്ലെങ്കിൽ മഹാവികാസ് അഘാഡി സർക്കാരിനെ പുനസ്ഥാപിക്കാന്‍ ഇടപെട്ടേനെയെന്ന സുപ്രീംകോടതി പരാമർശത്തിൽ പ്രതികരിച്ച് മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്‍റെ രാജി തീരുമാനം നിയമപരമായി തെറ്റായിരിക്കാം. എന്നാൽ, അത് ധാർമികമായി ശരിയായിരുന്നുവെന്ന് ശിവസേന നേതാവ് മുംബൈയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
നിലവിലെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും എന്തെങ്കിലും തരത്തിലുള്ള ധാർമികതയുണ്ടെങ്കിൽ അവർ രാജിവയ്‌ക്കണം. ഈ വിമത എംഎൽഎമാർ തന്‍റെ പാർട്ടിയേയും പിതാവ് ബാല്‍ താക്കറെയുടെ പാരമ്പര്യത്തേയും ഒറ്റിക്കൊടുത്തുവെന്നും ഉദ്ധവ് പ്രതികരിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി മുംബൈയിൽ കൂടിക്കാഴ്‌ച നടത്തിയ ശേഷം വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഉദ്ധവിന്‍റെ പ്രതികരണം.
മഹാരാഷ്‌ട്രയിലെ അയോഗ്യത തര്‍ക്കത്തില്‍ ഇന്നാണ് സുപ്രീം കോടതി വിധി വന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള ശിവസേന വിമതരെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഷിൻഡെയുടെ സർക്കാറിനെ ചോദ്യം ചെയ്യാനാകില്ല. രാജിവച്ചിരുന്നില്ലെങ്കിൽ ഉദ്ധവ് സർക്കാറിനെ പുനസ്ഥാപിച്ചേനെ. വിശ്വാസവോട്ടെടുപ്പിന് മുന്‍പുതന്നെ ഉദ്ധവ് സർക്കാർ രാജിവച്ചു. ഇക്കാരണം കൊണ്ട് ഉദ്ധവ് സർക്കാറിനെ വീണ്ടും നിയോഗിക്കാനാവില്ലെന്നുമാണ് സുപ്രീം കോടതി നിരീക്ഷണം.
നിതീഷ് കുമാർ മുംബൈയില്‍: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ശ്രമം. ആർഡെജി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വ യാദവും നിതീഷിനൊപ്പം മുംബൈയിലെത്തിയിരുന്നു. ബിജെപിക്ക് എതിരെ പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് ഉദ്ധവ് താക്കറെയെ കണ്ട ശേഷം നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് എൻസിപി നേതാവ് ശരദ്‌പവാറുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.