ജൽഗാവ് (മഹാരാഷ്‌ട്ര): സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും നടക്കാമെന്നും അതിന് തന്‍റെ പാർട്ടി തയ്യാറാണെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ കീഴിലുള്ള നിലവിലെ മഹാരാഷ്ട്ര സർക്കാർ ‘അടുത്ത 15-20 ദിവസത്തിനുള്ളിൽ’ തകരുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പ്രവചിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഉദ്ധവ് താക്കറെയുടെ പരാമർശം. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തെരഞ്ഞെടുപ്പുകൾ എപ്പോൾ വേണമെങ്കിലും നടക്കാം, ഇന്ന് വേണമെങ്കിലും നടക്കാം. ഞങ്ങൾ അത് നേരിടാൻ തയ്യാറാണ്. വിഷയം സുപ്രീം കോടതിയിലാണ്. വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. അതിനുശേഷം എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം' -ഉദ്ധവ് താക്കറെ പറഞ്ഞു.
കോൺഗ്രസ്, എൻസിപി, ശിവസേന എന്നീ പാര്‍ട്ടികള്‍ ചേർന്ന് മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കുകയും ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്‌തു. ഏകനാഥ് ഷിൻഡെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്.
'ഒരു മതത്തോടും അനീതി അനുവദിച്ചിട്ടില്ല': തന്‍റെ ഭരണകാലത്ത് ഒരു മതത്തോടും അനീതി അനുവദിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ അവകാശപ്പെട്ടു. ബിജെപിയും ഷിൻഡെ പക്ഷവും താൻ ഹിന്ദുത്വം ഉപേക്ഷിച്ചുവെന്ന് ആരോപിക്കുന്നു. എന്നാൽ സത്യപ്രതിജ്ഞയോട് നീതി പുലർത്തിക്കൊണ്ട് ഒരു മതത്തോടും താൻ ഇതുവരെ അനീതി അനുവദിച്ചിട്ടില്ല എന്നതാണ് സത്യമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോവിഡ് -19 പാൻഡെമിക് സമയത്ത് എല്ലാ ആരാധനാലയങ്ങളും ഒരു വിവേചനവുമില്ലാതെ അടച്ചിട്ടു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപിയെ ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു. 'നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ആദർശവുമില്ല, നിങ്ങൾക്ക് ഒരു നേതാവും ഇല്ല. അതിനാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നിങ്ങൾ മറ്റുള്ളവരുടെ ആദർശങ്ങളും പേരും മോഷ്‌ടിക്കുന്നു' -ഷിൻഡെ പക്ഷത്തിന് നേരെ ആഞ്ഞടിച്ച് ഉദ്ധവ് പറഞ്ഞു.
ഔദ്യോഗിക പേരും ചിഹ്നവും: ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും വേണമെന്ന് ഇരുപക്ഷവും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ശിവസേനയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏകനാഥ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ചോദ്യം ചെയ്‌താണ് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ തിടുക്കപ്പെട്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്തിനെന്നായിരുന്നു ഉദ്ധവ് താക്കറെ ഉയർത്തിയ ചോദ്യം. കേന്ദ്ര സർക്കാരിന്‍റെ അജണ്ടയാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും താക്കറെ പ്രതികരിച്ചു. തങ്ങളുടെ അജണ്ട നടപ്പാക്കാൻ ജനാധിപത്യം സ്ഥാപനങ്ങളെ ഉപയോഗിച്ച് ബിജെപി രാജ്യത്തെ ജനാധിപത്യം തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബാലാസാഹേബ് താക്കറെയുടെ പേരും ചിത്രവും ഉപയോഗിക്കുന്നത് നിർത്തി അവരുടെ നേതാവിന്‍റെ പേരും ചിഹ്നവും ഉപയോഗിച്ച് വോട്ട് തേടാൻ ഷിൻഡെ വിഭാഗത്തോട് താക്കറെ പറഞ്ഞു. ഉദ്ധവ് വിഭാഗത്തെ ബാലാസാഹേബ് താക്കറെ വിഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചത്. താക്കറെ വിഭാഗത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി കത്തുന്ന പന്തം (ദീപശിഖ) അനുവദിച്ചു.
മഹാരാഷ്ട്രയിൽ 67 എംഎൽഎമാരിൽ 40 പേരും 22 എംപിമാരിൽ 13 പേരും ഷിൻഡെ പക്ഷത്തിനായിരുന്നു പിന്തുണ നൽകിയത്. ഷിൻഡെ പക്ഷത്തിന് 76 ശതമാനം വോട്ടിങ് ലഭിച്ചു. ഉദ്ധവ് പക്ഷത്തിന് 23.5 ശതമാനം മാത്രം വോട്ടിങ്ങാണ് ലഭിച്ചത്.