എറണാകുളം: യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്‍റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെ ഡോളർ കേസിൽ പ്രതി ചേർക്കാൻ അനുമതി. കസ്റ്റംസ് നൽകിയ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എ.സി.ജെ.എം കോടതിയാണ് അനുമതി നൽകിയത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്‍റും കോടതി പുറപ്പെടുവിച്ചു. ഈജിപ്ഷ്യൻ പൗരനായ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലന്ന് തെളിയിക്കുന്ന രേഖ കസ്റ്റംസ് കോടതിയിൽ കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു. ഖാലിദിന് വിസ അനുവദിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം നൽകിയ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഡോളർ കടത്ത് കേസിൽ ഖാലിദിനെ പ്രതിചേർക്കാൻ കോടതി അനുമതി നൽകിയത്. ഇയാൾക്കെതിരെ
ഇന്‍റർപോളിന്‍റെ സഹായത്തോടെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ച് ഇന്ത്യയിലെത്തിച്ച് അറസ്റ്റു ചെയ്യുകയാണ് കസ്റ്റംസിന്‍റെ ലക്ഷ്യം.
സ്വപ്‌ന, സരിത്ത് എന്നിവരുടെ സഹായത്തോടെ ഈജിപ്ഷ്യൻ പൗരനായ ഖാലിദ് ഒമാൻ വഴി കെയ്റോയിലേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് കേസ്. 2019 ഓഗസ്റ്റ് ഏഴിന് ഖാലിദ് 1.90 ലക്ഷം യുഎസ് ഡോളർ ഹാൻഡ് ബാഗിലൊളിപ്പിച്ച് കെയ്റോയിലേയ്ക്ക് കടത്തിയെന്ന് സ്വപ്‌നയും സരിത്തും മൊഴി നൽകിയിരുന്നു. അതേസമയം ശിവശങ്കറിന് സ്വപ്‌ന വഴി ഒരു കോടി രൂപ ഖാലിദ് കമ്മീഷൻ നൽകിയെന്ന് ഇ.ഡി. ഇന്ന് കോടതിയെ അറിയിച്ചിരുന്നു. യുണിടാക്ക് എം.ഡി. സന്തോഷ് ഈപ്പൻ നൽകിയ കൈകൂലി പണത്തിൽ ഒരു പങ്ക് എം.ശിവശങ്കറും വാങ്ങിയിരുന്നുവെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഖാലിദിനെതിരെ എൻഫോഴ്സ്മെന്‍റും നിയമനടപടി സ്വീകരിക്കാനാണ് സാധ്യത.