ബെംഗളൂരു : ടെമ്പോ ലോറി പിടിച്ചെടുക്കുകയും അതിലുണ്ടായിരുന്ന 57 ലക്ഷം രൂപ വിലമതിക്കുന്ന 23 പെട്ടി സ്‌മാർട്ട് വാച്ചുകൾ തട്ടിയെടുക്കുകയും ചെയ്‌ത കേസില്‍ രണ്ട് പേര്‍ അറസ്‌റ്റില്‍. ജമീർ അഹമ്മദ് (28), സയ്യിദ് ഷഹീദ് (26) എന്നിവരെയാണ് പൊലീസ് ചൊവ്വാഴ്‌ച പിടികൂടിയത്. ജനുവരി 15ന് ബെംഗളൂരുവിലെ ആര്‍ആര്‍ നഗറിലായിരുന്നു സംഭവം.
മുന്‍കൂട്ടിയുള്ള പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നില്ല മോഷണം. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ടെമ്പോ ഇടിക്കുകയും എന്നാല്‍ നിര്‍ത്താതെ പോവുകയും ചെയ്‌തപ്പോള്‍ ക്ഷുഭിതരായി ഇവര്‍ ആ വാഹനത്തെ പിന്‍തുടരുകയായിരുന്നു. ജയ്‌ദീപ് എന്‍റര്‍പ്രൈസസ് എന്ന കമ്പനിയുടേതായിരുന്നു വാഹനം. അതിലുണ്ടായിരുന്ന ജോണ്‍, ബിഷാല്‍ എന്നിവരെ ആക്രമിച്ച് പ്രതികള്‍ വാഹനം തട്ടിയെടുത്തു.
ടെമ്പോയില്‍ 23 പെട്ടികളിലായി 1,282 സ്‌മാര്‍ട്ട് വാച്ചുകള്‍ ഉണ്ടായിരുന്നു. ഇവ എടുത്തുമാറ്റിയ ശേഷം ടെമ്പോ, തട്ടിയെടുത്ത അതേ സ്ഥലത്ത് തന്നെ ഇവര്‍ ഉപേക്ഷിച്ചു.അതിനിടെ ആര്‍ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ജയദീപ് എന്‍റര്‍പ്രൈസസ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികൾക്കെതിരെ ഇതിനുമുമ്പ് ക്രിമിനൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അഡീഷണൽ പൊലീസ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.