ഹൗറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് ഹൗറ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഏഴ് വർഷം മുമ്പ് നടന്ന സംഭവത്തിൽ ബിഎസ്എഫ് ജവാന്മാരായ ബൽക്രം യാദവ്, സന്തോഷ് കുമാർ എന്നിവർക്കാണ് ഹൗറ പ്രത്യേക കോടതിയിലെ ജഡ്‌ജി സൗരവ് ഭട്ടാചാര്യ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കൂട്ടു പ്രതിയായ സൈനിക ഉദ്യോഗസ്ഥൻ മഞ്ജരി ത്രിപാഠിക്ക് 10 വർഷം കഠിനതടവും വിധിച്ചത്.
പ്രോസിക്യുഷൻ രേഖപ്പെടുത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2015 ഡിസംബർ 27ന് കൂട്ടബലാത്സംഗം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായം 13 വയസായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരം അന്ന് കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.
ഹൗറയിൽ നിന്ന് അമൃത്സറിലേക്ക് ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി പ്രതികളായ ബിഎസ്‌എഫുകാരും സൈനികനും ഉണ്ടായിരുന്ന സുരക്ഷ കാബിനിലേക്ക് കോച്ച് മാറി കയറുകയായിരുന്നു. പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. മദ്യപിച്ച പെൺകുട്ടിയെ ആറ് തവണ ബലാത്സംഗം ചെയ്‌തതായാണ് പരാതിയിൽ പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചില യാത്രക്കാർ ഗവൺമെന്‍റ് റെയിൽവേ പൊലിസിനെ (ജിആർപി) അറിയിക്കുകയും ട്രെയിൻ മധുപൂർ സ്റ്റേഷനിൽ എത്തിയപ്പോൾ പെൺകുട്ടിയെ ജിആർപി രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികളിൽ ഒരാളെ കൈയോടെ അറസ്‌റ്റ് ചെയ്യുകയും മറ്റ് രണ്ട് പേരെ ജിആർപി പിന്നീട് പിടികൂടുകയും ചെയ്‌തു. രക്ഷപ്പെടുത്തിയ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയക്കുകയും ചെയ്‌തു. ജിആർപി പ്രതിക്കെതിരെ കുറ്റപത്രം നൽകുകയും വിചാരണ വേളയിൽ 18 പേരുടെ മൊഴികൾ സമർപ്പിക്കുകയും ചെയ്‌തു.